Pravasimalayaly

മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.

ഭരണകര്‍ത്താവിന്റെ മാനുഷിക മുഖവും ഭാവവുമുള്ള നേതാക്കന്മാരിലെ അവസാന കണ്ണിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. നമുക്ക് അനുകരിക്കാനാവുന്ന വ്യക്തിയാണ്. ഒരു യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വിലാപയാത്രയായി എത്തുന്ന ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി തിരുനക്കര എത്തിക്കും. പ്രിയനേതാവിനെ കാണാനായി തിരുനക്കര മൈതാനിയില്‍ ജനസാഗരമാണ് ഒത്തുകൂടിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 25 മണിക്കൂര്‍ പിന്നിടുകയാണ്. 

തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. 

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോ​ഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബം​ഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം. 

Exit mobile version