മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങി, പുറത്തെടുക്കാൻ ശ്രമം; ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്ന് ഡോക്ടർ

0
19

തിരുവനന്തപുരം: വെള്ളനാട്ട് കിണറ്റിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കരടി മുങ്ങിപ്പോയി. മയക്കുവെടിവച്ച് മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ, വലയിൽ നിന്ന് വെള്ളത്തിലേക്ക് തന്നെ കരടി വീഴുകയായിരുന്നു. ഒരു മണിക്കൂറിലധികമായി വെള്ളത്തിൽ മുങ്ങി കിടക്കുന്ന കരടിയെ ജീവനോടെ പിടികൂടാനുള്ള സാധ്യത കുറവാണെന്നും ചത്തിട്ടുണ്ടാകാമെന്നും മയക്കുവെടിവെച്ച ഡോക്ടർ ജേക്കബ് അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കരടി കിണറ്റിൽ വീണത്. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാരും വനംവകുപ്പും ചേർന്നാണ് കരടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയത്. മയക്കുവെടിവെച്ച് കരടിയെ പിടികൂടാനായിരുന്നു ശ്രമം. ഇതിന്റെ ഭാ​ഗമായി മയക്കുവെടിവച്ച കരടിയെ വല ഉപയോ​ഗിച്ച് മുകളിലേക്ക് കയറ്റാനായിരുന്നു പദ്ധതി. 

ഡോക്ടർ ജേക്കബ് അലക്സാണ്ടർ ആണ് മയക്കുവെടിവച്ചത്. തുടർന്ന് വല ഉപയോ​ഗിച്ച് മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പാളിച്ച സംഭവിച്ചത്. മുകളിലേക്ക് വലിച്ചു കയറ്റുന്നതിനിടെ ബാലൻസ് ചെയ്യുന്നതിൽ ഉണ്ടായ പിഴവ് മൂലം വലയുടെ ഒരു ഭാ​ഗത്ത് കൂടി കരടി വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. തുടർന്ന് മുങ്ങിപ്പോയ കരടിയെ നാട്ടുകാരിൽ ചിലർ ഇറങ്ങി മുകളിലേക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഓക്സിജന്റെ കുറവ് മൂലം രക്ഷാപ്രവർത്തനം നിർത്തിവെച്ച് മുകളിലേക്ക് തന്നെ കയറേണ്ടി വന്നു. കിണറ്റിലെ വെള്ളത്തിന് ഏകദേശം മൂന്നാൾ താഴ്ചയുണ്ട്. അതുകൊണ്ട് മുങ്ങി കരടിയെ മുകളിലേക്ക് കയറ്റുന്നത് ബുദ്ധിമുട്ടേറിയതാണ്. വെള്ളം വറ്റിച്ച് കരടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്ന് ജേക്കബ് അലക്സാണ്ടർ പറഞ്ഞു. സങ്കടകരമായ അവസ്ഥയാണ്. ഒരു മണിക്കൂറിലധികം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയിൽ കരടി ചത്തിട്ടുണ്ടാവാം. വല ഉപയോ​ഗിച്ച് കരടിയെ കയറ്റുന്നതിൽ പറ്റിയ പാളിച്ചയാണ് കരടി വെള്ളത്തിലേക്ക് വീഴാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply