റോം: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഭരത സഭയുടെ പ്രാർഥനകളും പ്രതീക്ഷകളും സഫലമാക്കിയാണ് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യപദവിയിലേക്ക് ഉയർത്തപ്പെട്ടത്.
കവിയും ചിന്തകനുമായിരുന്ന ജോൺ ഹെന്റി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റർ ഡൽച്ചേ ലോപ്പസ് പോന്റസ് (ബ്രസീൽ), മർഗരീത്ത ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരാണ് മറിയംത്രേസ്യയ്ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന വിശുദ്ധബലിയിലാണ് പ്രഖ്യാപനം നടന്നത്. ആഗോള കത്തോലിക്ക സഭയിൽ ഒരു വിശുദ്ധയായി മറിയം ത്രേസ്യ ഇനി മുതൽ അറിയപ്പെടും.
ഭാരതത്തിൽനിന്ന് വി. അൽഫോൻസാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കുശേഷം വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ. കർദിനാൾ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ ഉൾപ്പെട്ട ഇന്ത്യയിൽനിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ നടന്ന ചടങ്ങുകൾക്ക് സാക്ഷിയായി. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യയിൽനിന്നുള്ള സംഘത്തെ നയിക്കുന്നത്. ചടങ്ങുകൾക്കു ശേഷം ഫ്രാൻസിസ് മാർപാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.