ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് സാജു (52) കുറ്റംസമ്മതിച്ചു. നോർതാംപ്ടൻഷർ ക്രൗൺ കോടതിയിൽ ഹാജരായ പ്രതിയെ ജൂലൈയിൽ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്.
തികച്ചും ദാരുണമായ കേസായിരുന്നുവെന്ന് നോർതാംപ്ടൻഷർ പൊലീസിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫിസറായ സൈമൺ ബാൺസ് പറഞ്ഞു. മൂവരെയും ശ്വാസംമുട്ടിച്ച് െകാലപ്പെടുത്തിയെന്നാണ് നിഗമനം. അഞ്ജുവിനെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.
കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ സ്വദേശിയായ സാജുവുമായി പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം അഞ്ജു സൗദിയിൽ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ബ്രിട്ടനിലേക്ക് പോയത്.