‘മഹാ’ ചുഴലിക്കാറ്റ് ശക്തമാകുന്നു, മത്സ്യബന്ധനത്തിനു പോയ രണ്ട് ബോട്ടുകൾ കാണാതായി: പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
39

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമായി. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാൻ സാദ്ധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ നിന്നു ആറു പേരെ കാണാതായി. അഴിത്തലയിൽ നിന്നു പോയ തൗഫീക്ക് എന്ന ബോട്ടിൽ നിന്നു രണ്ടു പേരെയും വടകര ചെമ്പോലയിൽ നിന്നു പോയ ലഡാക് ബോട്ടിൽ നിന്നു നാലു പേരെയുമാണ് കാണാതായത്.

തിരുവനന്തപുരമുൾപ്പെടെ തെക്കൻ ജില്ലകളിൽ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നലെ രാത്രി മുതൽ ശക്തമായി. നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കും മദ്ധ്യേ കനത്ത മഴയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് നാഗർകോവിൽ – തിരുവനന്തപുരം റൂട്ടിൽ പുലർച്ചെ മുതൽ രാവിലെ 8വരെ ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു. നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ് പ്രസ്, മധുര- പുനലൂർ പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നരമണിക്കൂറോളം വൈകി. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസുമെത്തി മണ്ണ് നീക്കം ചെയ്തശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.

ആക്കുളത്ത് വീടിന്റെ മതിലും ചുവരും ഇടിഞ്ഞുവീണു. ആക്കുളം എസ്.ബി.ഐ ശാഖ പ്രവർത്തിക്കുന്ന തുറുവിക്കൽ മുരുക്കുവിള വീട്ടിൽ മഞ്ജിത്ത് രാജന്റെ വീടുൾപ്പെടെയുള്ള കെട്ടിടത്തിലേക്കാണ് നഗരസഭാ ജീവനക്കാരനായ ഹരിലാലിന്റെ വീടിന്റെ മതിലും പഴയ വീടിന്റെ ചുവരും പൊളിഞ്ഞുവീണത്. പുലർച്ചെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. മഞ്ജിത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനവും ഒരുവശത്തെ ജനാലചില്ലുകളും തകർന്നു. മതി. അപകടകരമായ സാഹചര്യത്തിലാണെന്ന് കാട്ടി നഗരസഭയിൽ പരാതി നൽകിയിരുന്നെങ്കിലും നഗരസഭാ ജീവനക്കാരന്റെതായതിനാൽ നടപടി സ്വീകരിച്ചിരുന്നില്ല. പൊളിഞ്ഞുവീണ മതിലിനോട് ചേർന്നുള്ള ഭാഗങ്ങളും അപകട അവസ്ഥയിലാണ്. മഴ കനത്തതോടെ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നെയ്യാർ ഡാമിന്റെ ഷട്ടറുകൾ രണ്ടടി ഉയർത്തി .നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടംഅറിയിച്ചു.

നിലവിൽ മാലദ്വീപിൽ നിന്ന് വടക്കായി 710 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 250 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 50 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 480 കിമീ ദൂരത്തുമായാണ് ‘മഹാ’ ചുഴലിക്കാറ്റിന്റെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുൻപ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ( മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്നാണ് കണക്കുകൂട്ടൽ. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മദ്ധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയേറെയാണ്.

Leave a Reply