Pravasimalayaly

മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്ത്,​ രാത്രിയോടെ അതിശക്തമാകും,​ ആറുപേരെ കാണാതായി

തിരുവനന്തപുരം : അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നു. മദ്ധ്യ കിഴക്കൻ അറബിക്കടലിലെത്തിയ ചുഴലിക്കാറ്റ് മണിക്കൂറുകൾക്കകം അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനിത്തുടർന്ന് ലക്ഷദ്വീപ് തീരത്ത് കടൽ പ്രക്ഷുബ്ധമാകും.ഇതിനിടെ കണ്ണൂർ ആയിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആറുപേരെ കാണാതായതായി വിവരം ലഭിച്ചു.

രാത്രിയോടെ മഹ അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നതിനാൽ മലയോര മേഖലയിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.

നിലവിൽ 90 – 117 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ 166 കി.മീ വേഗതയിൽ വരെ സഞ്ചരിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തേ മുന്നറിയിപ്പ് നല്‍കിയപോലെ കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ വരുന്നില്ലെങ്കിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. തീരമേഖലയിലും മലയോരത്തും ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. കടൽ തുടര്‍ന്നും പ്രക്ഷുബ്ധമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിക്കുന്നു.

Exit mobile version