Pravasimalayaly

മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ

വനം വകുപ്പിനെതിരെ ഇടുക്കി മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ. വാച്ച് ടവർ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ആണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. മാങ്കുളം ഡിഎഫ്ഒ ഓഫീസിലേക്ക് സമരസമിതി മാർച്ച് നടത്തും. വിനോദസഞ്ചാര മേഖലയെ തകർക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു.അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഡി.എഫ്.ഒ സുഭാഷ് അടക്കമുളള വനപാലകര്‍ക്കെതിരെയും കേസെടുത്തു. വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മാങ്കുളത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് പവലിയനുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്തംഗം അനില്‍ ആന്റണി എന്നിവരെ പരിക്കുകളോടെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഡിഎഫ്ഒ അടക്കമുള്ളവരെ തടഞ്ഞുവച്ചിരുന്നു. കേസെടുക്കാമെന്ന പോലീസ് ഉറപ്പിനെ തുടര്‍ന്നാണ് രാത്രി ഏഴു മണിയോടെ പ്രതിഷേധക്കാര്‍ പിന്മാറിയത്.

Exit mobile version