Pravasimalayaly

മാണിയെ എല്‍ഡിഎഫിലെടുക്കണമെന്ന സിപിഐഎമ്മിന്റെ ആവശ്യം സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് തള്ളി; ഇന്ന് ഒത്തുതീര്‍പ്പു ചര്‍ച്ച

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിലെടുക്കണമെന്ന സിപിഐഎമ്മിന്റെ ആവശ്യം സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു. അതേസമയം ഇന്നു സിപിഐ നേതൃത്വവുമായി സിപിഐഎം ചര്‍ച്ച നടത്തും. കഴിഞ്ഞയാഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോയുടെ നിര്‍ദേശാനുസരണം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തുക.

കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കുന്നതു രാഷ്ട്രീയമായും തിരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ലെന്നാണ് കേരളത്തില്‍നിന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്ത കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം കെ.എം.മാണിയെ എല്‍ഡിഎഫില്‍ വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാടു ശരിവച്ചു നടത്തിയ വിലയിരുത്തലില്‍ പറയുന്നത്. പി.ജെ.ജോസഫും കൂട്ടരും യുഡിഎഫില്‍ തുടരും. മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണ്. വിലപേശല്‍ തന്ത്രമാണു പ്രയോഗിക്കുന്നത്. സിപിഐയുടെ വിലപേശല്‍ശേഷി കുറയ്ക്കുകയാണു പ്രധാന ലക്ഷ്യം. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചു സിപിഐഎം പിബിയിലും ഭിന്നതയുണ്ട്. കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളില്‍ ചിലരും മാണിയുടെ വരവിനെ എതിര്‍ക്കുന്നുവെന്നും വിലയിരുത്തി.

Exit mobile version