Pravasimalayaly

മാണിയെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത

തിരുവനന്തപുരം: കെ.എം മാണിയെ ചൊല്ലി ബി.ജെ.പിയില്‍ തമ്മിലടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്തതോടെയാണ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് തേടി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം കെ.എം മാണിയെ സന്ദര്‍ശിച്ചിരുന്നു. കുമ്മനത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൃഷ്ണദാസ് മാണിയെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ കുമ്മനത്തിന്റെയും കൃഷ്ണദാസിന്റെയും നിലപാടിനെ വിമര്‍ശിച്ച് ബി.ജെ.പിയുടെ മറ്റൊരു മുന്‍ അധ്യക്ഷനായ വി. മുരളീധരന്‍ രംഗത്തുവന്നു.

തിരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊലപാതകികളുടെയും അഴിമതിക്കാരുടെയും വരെ വോട്ടുതേടുന്നതില്‍ തെറ്റില്ലെന്ന് ഇന്നലെ പറഞ്ഞ മുരളീധരന്‍ അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്ന നിലപാട് ഇന്ന് പരസ്യമാക്കി.

എന്നാല്‍ മുരളീധരന്റെ നിലപാടിനെ തള്ളി ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കൂടിയായ പി.എസ് ശ്രീധരന്‍പിള്ള രംഗത്തുവന്നു. മാണിയോട് എന്‍.ഡി.എയ്ക്ക് ഐത്തമില്ലെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Exit mobile version