Pravasimalayaly

മാണിസാർ ഇല്ലാത്ത ഒരുവർഷം: ജോസ് കെ മാണി പരീക്ഷിക്കപ്പെടുമ്പോൾ..

രഞ്ജിത്ത് രാജു

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസ് പാർട്ടികളുടെ ഇടയിൽ കെ എം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) എന്നും പതറാതെ തന്നെ നിലകൊണ്ടു. മാണി സാറിന്റെ കൂടെ നിന്നവർ പിരിഞ്ഞു പോയി പുതിയ പാർട്ടികൾ രൂപീകരിച്ചപ്പോളും പഴയ ഐക്യ കേരള കോൺഗ്രസിലെ സഹപ്രവർത്തകർ പാർട്ടികൾ രൂപീകരിച്ചപ്പോൾ അംഗബലത്തിലും പാർലമെന്ററിയൻമാരുടെ എണ്ണത്തിലും മാണി സാർ നേതൃത്വം നൽകിയ കേരള കോൺഗ്രസ് മുന്നിട്ടുനിന്നു.

ഒരുപക്ഷെ മാണിസാറിന്റെ മരണശേഷമാവാം ഒരു വലിയ നേതൃനിരയെ പാർട്ടിയുടെ കീഴിൽ ഒറ്റക്കെട്ടായി കൊണ്ടുപോയ മാണിസാറിന്റെ കഴിവിനെ പലരും മനസിലാക്കി തുടങ്ങിയത്. മാണി സാറിന്റെ മരണത്തിന് ശേഷം കേരള കോൺഗ്രസ് എം ൽ ഉണ്ടായ പടലപ്പിണക്കം ഏറ്റവും കൂടുതൽ പരീക്ഷണമാവുന്നത് ജോസ് കെ മാണിക്ക് തന്നെയാണ്.
പാർലമെന്ററിയൻ എന്ന നിലയിൽ വികസനനായകൻ എന്ന പേര് സ്വന്തമാക്കാൻ ജോസ് കെ മാണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേരള കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുൻപോട്ട് കൊണ്ടുപോകും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട വസ്തുതയാണ്

മാണി സാറിന്റെ നിഴൽ പോലെ നിന്നിരുന്ന സി എഫ് തോമസ്, ജോയ് എബ്രഹാം തുടങ്ങിയ കേരള കോൺഗ്രസ് എം നേതാക്കൾ പിജെ ജോസഫ് പക്ഷത്തേക്ക് പോയതും പാലായിൽ ഏറ്റ തോൽവിയുമാണ് ജോസ് കെ മാണിയുടെ നേതൃത്വത്തെ ചോദ്യങ്ങൾക്ക് മുൻപിൽ നിർത്തുന്നത്. കേരള കോൺഗ്രസ് (എം)ന്റെ അവകാശത്തെ സംബന്ധിച്ച് കോടതിയിൽ നിന്ന് വരുന്ന വാർത്തകളും ജോസ് കെ മാണിയ്ക്ക് ശുഭകരമല്ല. പാലായിൽ വര്ഷങ്ങളായി മത്സരിച്ച് പോന്ന രണ്ടില ചിഹ്നം നഷ്ടമായത് കുറച്ചൊന്നുമല്ല പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടാക്കിയത്. അവസാനം കുട്ടനാട് സീറ്റും കോട്ടയം ജില്ലാ പ്രസിഡന്റ് സ്‌ഥാനവും ജോസഫ് വിഭാഗത്തിന് കൈവരുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ പോകുന്നതും ജോസ് കെ മാണി വിഭാഗം നേരിടുന്ന പ്രതിസന്ധിയാണ്.

മറുപക്ഷത്ത് ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് എന്നിവരെ കൂടെ കൂട്ടി പിജെ ജോസഫ് കൂടുതൽ കരുത്തനാകുന്നു. ജോസ് കെ മാണിയോട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന മാണി പക്ഷക്കാരാണ് ഇപ്പോൾ പിജെ ജോസഫിന് വേണ്ടി ജോസ് കെ മാണിയോട് എതിരിടുന്നത് എന്നതാണ് മറ്റൊരു വശം.

നിയോജക മണ്ഡലം സമ്മേളനങ്ങളും സമര പരിപാടികളും നടത്തി അണികളുടെ ആത്മവിശ്വാസം ചോരാതെ സൂക്ഷിക്കുവാൻ ജോസ് കെ മാണിക്ക് കഴിയുന്നുണ്ടെങ്കിലും പാർട്ടിയെ പരിക്ക് ഏൽക്കാതെ നയിക്കുവാനും പ്രതാപ കാലത്തിലേക്ക് കൊണ്ടുചെല്ലുവാനും ജോസ് കെ മാണിക്ക് കഴിയുമോ എന്നത് കാലം തെളിയിച്ചു തരേണ്ടതാണ്.

Exit mobile version