Pravasimalayaly

മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് കെ.ടി.ജലീല്‍

പത്തനംതിട്ട: മാധ്യമങ്ങളെ പേടിച്ച് കേരളത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് മന്ത്രി കെ.ടി.ജലീല്‍. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് ചന്തയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ മാധ്യമങ്ങള്‍ വികസന വിരോധികളാണ്. മാധ്യമങ്ങളല്ല അവരുടെ ഉപ്പൂപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാല്‍ ഒട്ടും പേടിക്കില്ല. വാതക പൈപ്‌ലൈന്‍, ദേശീയപാത നിര്‍മാണം എന്നിവയൊക്കെ വന്നപ്പോള്‍, നാലുപേര്‍ സമരം നടത്തുന്നത് പെരുപ്പിച്ചു കാണിച്ച് ആളെ ഇറക്കിവിടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ എല്ലാ പഞ്ചായത്തുകളിലും രണ്ടു വര്‍ഷം കൊണ്ട് നടപ്പാക്കും. നികുതികള്‍ പൂര്‍ണമായും പിരിച്ചെടുത്ത് പദ്ധതി നിര്‍വഹണത്തിനും വികസനത്തിനുമായി മാറ്റിവയ്ക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക യോഗം വിളിക്കും. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കൊടുമണ്‍ പഞ്ചായത്തില്‍ തന്നെ 62 വീടുകളാണ് പൂര്‍ത്തിയാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version