മാന്നാർ കല കൊലപാതക കേസിലെ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം. കൊലപാതകം നടന്ന സമയവും സന്ദർഭവും തമ്മിൽ ചേരുന്നതല്ല പ്രതികളുടെ മൊഴികൾ. കേസിൽ ഇനി നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടണമെങ്കിൽ, മുഖ്യപ്രതി അനിലിനെ അറസ്റ്റ് ചെയ്യണം.
പ്രതികൾ മൂന്ന് പേര് കസ്റ്റഡിയിൽ ഉണ്ടെങ്കിലും കല കൊലപാതകത്തിലെ അന്വേഷണം കൂടുതൽ സങ്കീർണമാവുകയാണ്. ശാസ്ത്രീയ തെളിവുകളുടെ ആഭാവമുള്ള കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കും എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ട് തന്നെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
കലയെ കൊന്ന ദിവസം പോലും കൃത്യമായി രേഖപ്പെടുത്തനായിട്ടില്ല. പെരുമ്പുഴ പാലത്തിന് സമീപത്ത് വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ പ്രതികൾക്കും സാക്ഷികൾക്കും ദിവസം ഓർമ്മയില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഏതെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനെല്ലാം ഉത്തരം കിട്ടയിതിന് ശേഷമായിരിക്കും പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുക. ഒന്നാം പ്രതി അനിലിനറെ അടുത്ത സുഹൃത്തുക്കളേയും ചോദ്യം ചെയ്യുകയാണ്. മാന്നാർ സ്വദേശിയായ ഒരാളെ ഇന്നലെ നെടുംങ്കണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ട് വന്നിരുന്നു. അനിലിനെയും അടുത്ത ദിവസം തന്നെ നാട്ടിൽ എത്തിക്കുമെന്നാണ് സൂചന.