Pravasimalayaly

മാവോയിസ്റ്റുകളുടെ പക്കൽ വിദേശനിർമ്മിത എ.കെ 47 തോക്കുകൾ, സ്വയരക്ഷയ്ക്ക് തണ്ടർബോൾട്ട് സംഘം വെടിവച്ചു: ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ മേലേ മഞ്ചക്കട്ടിക്കടുത്ത് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ ഒരു സ്ത്രീയടക്കമുള്ള നാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തണ്ടർബോൾട്ടിന്റെ പട്രോളിംഗിനിടെ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്നും സ്വയരക്ഷയ്ക്കാണ് തണ്ടർബോൾട്ട് സംഘം തിരിച്ചുവെടിവച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

വിദേശ നിർമ്മിത എ.കെ 47 തോക്കുകൾ അടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ട്. ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. മനുഷ്യ ജീവൻ നഷ്ടപ്പെടുന്നത് ദുഖകരമായ കാര്യമാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവർ‌ത്തനത്തെ മാവോയിസ്റ്റുകൾ ദുർബലപ്പെടുത്തുന്നുണ്ടെന്നും മാവോയിസ്റ്റുകളെ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ പൊലീസ് വീഴ്ചയുണ്ടോ എന്ന കാര്യം പരിശോധിക്കും. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി

അതേസമയം, മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണം സർക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രോഗബാധിതരായവരെ പിടികൂടി കൊലപ്പെടുത്തുകയാണെന്നും ബന്ധുക്കളെ ഉപയോഗിച്ച് കെണിവയ്ക്കുന്നുണ്ടെന്നും പിന്നിലൂടെ വെടിവച്ചുവീഴ്‌ത്തുകയാണെന്നുമുള്ള ആരോപണങ്ങളുമാണ് ഉയരുന്നത്. ഇതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നെന്ന് വെളിപ്പെടുത്തൽ. ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദിവാസികളെ ദൂതന്മാരാക്കി അഗളി മുൻ എ.എസ്.പിയുമായി ചർച്ചകൾ നടത്തിയിരുന്നുന്നെന്നും മുരുകൻ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

Exit mobile version