തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇന്നലെ വിളിച്ചു വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രിയോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല. രാത്രി വൈകിയും പുലര്‍ച്ചയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഇന്നലെ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയിച്ച് മറുപടി നല്‍കിയെന്നാണ് വിവരം. എക്‌സാലോജിക് കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.