Pravasimalayaly

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന്

വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ 267ആമത്തെ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് ഏഴിന് തുടങ്ങും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. പേപ്പൽ കോൺക്ലേവിന്‍റെ ഒരുക്കങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് തീയതി കുറിച്ച് കർദ്ദിനാൾ തിരുസംഘം. പോപ്പിന്‍റെ വിയോഗത്തിന് ശേഷമുള്ള കർദിനാൾമാരുടെ അഞ്ചാമത്തെ പൊതുയോഗത്തിലാണ് മെയ് ഏഴിന് കോൺക്ലേവ് തുടങ്ങാൻ തീരുമാനിച്ചത്.80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ബസേലിയോസ്ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോർജ് ജേക്കബ് കൂവക്കാടും അടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കും. മെയ് ഏഴിന് രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ദിവ്യബലിക്ക് ശേഷം കർദിനാൾമാർ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലേക്ക് നീങ്ങും. ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം ധ്യാനപ്രസംഗത്തിന് ശേഷം ആദ്യ ബാലറ്റ്.തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വോട്ടെടുപ്പ് നടക്കുക. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒരാൾക്ക് ലഭിക്കും വരെ വോട്ടെടുപ്പ് തുടരണമെന്നാണ് ചട്ടം. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുമ്പോഴാകും പുതിയ പാപ്പയെ തെരഞ്ഞെടുത്തതായി ലോകം അറിയുക. 2005ൽ ബനഡിക്ട് പതിറാമാൻ മാർപാപ്പയും 2013ൽ പോപ്പ് ഫ്രാൻസിസും തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവുകൾ രണ്ട് ദിവസത്തിൽ അവസാനിച്ചിരുന്നു.ലൈംഗികതയിലും അഭയാർത്ഥി പ്രശ്നത്തിലും അടക്കം ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ പിന്തുടരുന്നവരും പരമ്പരാഗത രീതികൾ കർശനമായി പിന്തുടരണമെന്ന് താത്പര്യപ്പെടുന്ന യാഥാസ്ഥിതികവാദികളും തമ്മിലുള്ള ഭിന്നതകൾ കടുത്താൽ കോൺക്ലേവ് നീണ്ടുപോകുമെന്നാണ് വത്തിക്കാൻ നിരീക്ഷകരുടെ വിലയിരുത്തൽ. അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന കോൺക്ലേവിന്‍റെ മുന്നോടിയായുള്ള ക്രമീകരണങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചു. പുതിയ പോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം മാത്രമാകും വിശ്വാസികൾക്ക് മുന്നിൽ ഇനി ചാപ്പൽ തുറക്കുക.

Exit mobile version