Pravasimalayaly

മിനി പൂരം, പുഷ്പവൃഷ്ടി: പ്രൗഢോജ്വലമായ സ്വീകരണം നല്‍കി തൃശ്ശൂര്‍; മലയാളത്തില്‍ നന്ദിപറഞ്ഞ് മോദി

തൃശ്ശൂര്‍: ബി.ജെ.പി.യുടെ മഹിളാസമ്മേളനത്തിനായി തേക്കിന്‍കാട് മൈതാനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി തൃശ്ശൂര്‍. സ്വരാജ് റൗണ്ടില്‍ നിന്ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. കെ. സുരേന്ദ്രനും സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പിന്നീട് റോഡ് ഷോയ്ക്ക് ശേഷം വേദിയിലേക്ക് തയ്യാറാക്കിയ പാതയിലൂടെ, സദസ്സില്‍ തടിച്ചു കൂടിയ മഹിളാ പ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ പ്രധാനമന്ത്രി വേദിയിലെത്തി. പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കായി തൃശ്ശൂരില്‍ മിനി പൂരവുമൊരുക്കിയിരുന്നു. 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കിയ നേതാവെന്ന് പ്രകീര്‍ത്തിച്ചാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്. ശോഭന, മിന്നുമണി, ബീനാ കണ്ണന്‍, പി.ടി.ഉഷ, ഉമാ പ്രേമന്‍, മറിയക്കുട്ടി തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച എട്ടു പ്രമുഖ സ്ത്രീകളാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ മുന്‍നിരയിലുണ്ടായിരുന്നത്. മഹിളാ സമ്മേളനവേദിയില്‍ 42 പേരോളമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കള്‍ മാത്രമേ വേദിയിലുണ്ടായിരുന്നുള്ളൂ. ബാക്കിയുണ്ടായിരുന്നവരെല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരുന്നു. സദസ്സിന്റെ മുന്‍നിരയിലും ക്ഷണിക്കപ്പെട്ട വനിതകളാണ് സ്ഥാനംപിടിച്ചത്. വിവിധ മേഖലകളില്‍ മികവുതെളിയിച്ച, പാര്‍ട്ടിവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകള്‍ക്കായിരുന്നു ക്ഷണം. ഇതിനു പിന്നിലാണ് വനിതാപ്രവര്‍ത്തകര്‍ക്കുള്ള സീറ്റ്. ഇതിനും പിന്നില്‍ റൗണ്ടിലായിരുന്നു പുരുഷന്മാര്‍ക്കുള്ള സ്ഥലം. ‘അമ്മമാരെ സഹോദരിമാരെ’യെന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രയധികം സ്ത്രീകള്‍ തന്നെയനുഗ്രഹിക്കാനെത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Exit mobile version