Pravasimalayaly

മുംബൈ വിമാനത്താവളത്തില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചു; 6.83 ലക്ഷം നികുതിയടപ്പിച്ച് വിട്ടു

മുംബൈ: വിദേശത്തുനിന്ന് നികുതി അടയ്ക്കാതെ വില കൂടിയ വാച്ചും വാച്ച് കെയ്‌സുകളും കൊണ്ടുവന്നതിനെത്തുടര്‍ന്നു ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഷാരൂഖിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് അഞ്ചുപേരെയും എയര്‍ ഇന്റലിജന്‍സ് യൂണിറ്റാ(എ ഐ യു)ണു തടഞ്ഞത്. ഇവരില്‍നിന്ന് 6.88 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി ഈടാക്കി.

ആപ്പിള്‍ ഐ വാച്ചും വില കൂടിയ ആറ് വാച്ച് കെയ്‌സുകളും കൊണ്ടുവന്നതിന് ഇന്നു പുലര്‍ച്ചെയാണു ഷാരൂഖിനെയും സംഘത്തെയും സ്വകാര്യ ടെര്‍മിനലില്‍ തടഞ്ഞത്. 17.86 ലക്ഷം രൂപ വില വരുന്നതാണ് വാച്ചും കെയ്സുകളും. ഇവയുടെ മൊത്തം മൂല്യത്തിന്റെ 38.5 ശതമാനം തുകയായ 6.88 ലക്ഷം രൂപ ഈടാക്കിയശേഷമാണു ഷാരൂഖിനെയും സംഘത്തെയും വിട്ടയച്ചതെന്നു അധികൃതര്‍ അറിയിച്ചു.

ഷാരൂഖ് ഖാനും സംഘവും ഷാര്‍ജയില്‍നിന്നാണ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ ഏവിയേഷന്‍ ടെര്‍മിനലില്‍ എത്തിയതെന്ന് എ ഐ യു വൃത്തങ്ങള്‍ പറഞ്ഞു. ”സ്വകാര്യ വിമാനങ്ങള്‍ക്കായി ടെര്‍മിനലില്‍ റെഡ് ചാനലോ ഗ്രീന്‍ ചാനലോ ഇല്ല. എല്ലാ ലഗേജുകളും ജനറല്‍ ഏവിയേഷനില്‍ (ടെര്‍മിനല്‍) സ്‌ക്രീനിങ്ങിനു വിധേയമാക്കും,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനറല്‍ ഏവിയേഷനില്‍ നടത്തിയ പരിശോധനയിലാണു ഉയര്‍ന്ന വിലയുള്ള വാച്ചും കെയ്‌സുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

”ആ കെയ്‌സുകള്‍ക്കുള്ളില്‍ വാച്ചുകളൊന്നും ഉണ്ടായിരുന്നില്ല. ആറ് കെയ്‌സുകളില്‍ നാലെണ്ണം സിംഗിള്‍ വാച്ച് കെയ്‌സുകളും രണ്ടെണ്ണം ഒന്നിലധികം വാച്ചുകളുടെ കെയ്‌സുകളുമാണ്. ലഗേജില്‍നിന്ന് 74,900 രൂപ വിലയുള്ള ആപ്പിള്‍ ഐ വാച്ചും കണ്ടെത്തി. ഇവ തീരുവ നല്‍കണ്ടേ വസ്തുക്കളായിരുന്നു. അതിനാല്‍ ഈ സാധനങ്ങളുടെ മൊത്തം മൂല്യത്തിന്റെ 38.5 ശതമാനം ഈടാക്കി,”ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സുരക്ഷാ പരിശോധന പൂര്‍ത്തിയായതോടെ ഷാരൂഖും സംഘത്തിലെ നാലു പേരും വിമാനത്താവളത്തില്‍നിന്നു പോയതായി ഒരു എ ഐ യു ഉദ്യോഗസ്ഥഥന്‍ പറഞ്ഞു. സംഘത്തിലെ രവിശങ്കര്‍ സിങ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളെ ടെര്‍മിനല്‍ രണ്ടിലേക്കു ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോയി. ഇറക്കുമതി തീരുവയായ 6.88 ലക്ഷം രൂപ അടച്ചശേഷം അദ്ദേഹത്തെയും പോകാന്‍ അനുവദിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Exit mobile version