Pravasimalayaly

മുകേഷ് അംബാനി തന്നെ ഇന്ത്യയിലെ ധനികരിൽ ഒന്നാമൻ; പട്ടികയിൽ ബൈജു രവീന്ദ്രനും

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ധനികരെയും ബാധിച്ചുവെന്ന് ഫോബ്സ് പറയുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ധനികരായ 100 വ്യക്തികളുടെ പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു. തുടർച്ചയായ പന്ത്രണ്ടാം വർഷവും മുകേഷ് അംബാനി തന്നെയാണ് പട്ടികയിൽ ഒന്നാമത്. 51.4 ബില്ല്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മൂന്ന് വർഷം മാത്രം പ്രായമുള്ള

ടെലികോം കമ്പനിയായ ജിയോയിൽ നിന്ന് മാത്രം 4.1 ബില്ല്യൻ ഡോളറാണ് മുകേഷ് അംബാനി വർധിപ്പിച്ചത്. 340 മില്ല്യൻ ഉപഭോക്താക്കളെയാണ് മൂന്ന് വർഷംകൊണ്ട് ജിയോ സ്വന്തമാക്കിയത്.

ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ.യൂസഫലിയുമാണ്. 4.3 ബില്ല്യൻ ഡോളറാണ് യൂസഫലിയുടെ ആസ്തി. കഴിഞ്ഞ വർഷത്തെ പട്ടികയിൽനിന്ന് ഒമ്പത് പേർ പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ധനികരെയും ബാധിച്ചുവെന്ന് ഫോബ്സ് പറയുന്നു. കഴിഞ്ഞ വർഷത്തെ ആകെ സമ്പത്തിൽ നിന്ന് എട്ട് ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ബൈജൂസ് ആപ്പ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനാണ് പട്ടികയിൽ പുതിയതായി ഇടം നേടിയ മലയാളി. 1.91 മില്യൻ ഡോളറാണ് മുപ്പത്തെട്ടുകാരനായ ബൈജു രവീന്ദ്രന്റെ ആസ്തി. ഇന്ത്യയിലെ 72ആമത്തെ ധനികനാണ് ബൈജു രവീന്ദ്രൻ. മലയാളി യുവ സംരംഭകരിൽ സമ്പത്തിൽ രണ്ടാമത് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ. 1.41 ബില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

അംബാനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് അദാനിയാണ്. അശോക് ലെയ്‌ലാൻഡ് ഉടമകളായ ഹിന്ദുജ ബ്രദേഴ്സ്, ഷാർപുർജി പല്ലോഞ്ജി ഗ്രൂപ്പിന്റെ പല്ലോഞ്ജി മിസ്ട്രി, ഉദയ് കോട്ടക്, ശിവ് നദാർ എന്നിവരും ആദ്യ അഞ്ചിൽ ഇടം പിടിച്ചു.

സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ ഇവരാണ്, 43-ാം സ്ഥാനത്ത് ആർ.പി ഗ്രൂപ്പ് ഉടമ രവി പിള്ള- (ആസ്തി 3.1 ബില്യൻ ഡോളർ), 44-ാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ഉടമ എം.ജി ജോർജ് മുത്തൂറ്റ്- (3.05 ബില്യൻ), 55-ാം സ്ഥാനത്ത് ഇൻഫോസിസ് മുൻ വൈസ് ചെയർമാനും ആക്സിലർ വെഞ്ചേഴ്‌സ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ (2.36 ബില്യൻ), 67-ാം സ്ഥാനത്ത് ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണി വർക്കി (2.05 ബില്യൻ), 100-ാം സ്ഥാനത്ത് എസ് ഡി ഷിബുലാൽ- (1.4 ബില്യൻ).

Exit mobile version