തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടിട്ടും പൊലിസിലെ ദാസ്യപ്പണി അവസാനിക്കുന്നില്ല. സിറ്റി പൊലിസ് കമ്മീഷണറുടെ വിട്ടിലേക്ക് പാല്‍വാങ്ങാനും പൊലിസുകാരനെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ക്യാംപിലെ പൊലിസുകാരനാണ് പ്രകാശിന്റെ വീട്ടിലേക്ക് പാല്‍ വാങ്ങുന്നത്. ഔദ്യോഗിക വാഹനമാണ് പാല്‍ വാങ്ങിക്കൊണ്ടുവരാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിട്ടു.
അതിനിടെ, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലിസുകാരെ ദാസ്യപണി ചെയ്യിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. തൃശൂരില്‍ മണ്ണുത്തി എസ്.എച്ച്.ഓയായ ശില്‍പ ഐ.പി.എസിന്റെ വീട്ടുപണി ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ പൊലിസുകാരനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പരാതിയുണ്ട്. അടുക്കള മാലിന്യം നീക്കാന്‍ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പൊലിസുകാരന്‍ പറയുന്നത്. ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിച്ചു എന്ന ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.
ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാന്‍ ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുവെക്കുന്നത് മുതല്‍ വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങുന്നത് വരെയുള്ള പണികള്‍ ചെയ്യിപ്പിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നടന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു.
അതേസമയം, ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടിയെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എസ്.എ.പി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.കെ. രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചിരുന്നു. പൊലിസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ ക്യാമ്പ് ഫോളോവര്‍മാര്‍ രംഗത്ത് എത്തി. ഇതു സംബന്ധിച്ച് ഡി.ജി.പിക്ക് ഇന്ന് പരാതി നല്‍കും.