Pravasimalayaly

മുഖ്യമന്ത്രിക്കെതിരെ പി സി ജോര്‍ജിന്റേയും സ്വപ്‌നയുടേയും ഗൂഢാലോചന; സരിത എസ് നായര്‍ ഇന്ന് രഹസ്യമൊഴി നല്‍കും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ സാക്ഷിയായ സരിത എസ് നായര്‍ ഇന്ന് രഹസ്യമൊഴി നല്‍കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് തന്നെ സമീപിച്ചതായി സരിത പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

പി സി ജോര്‍ജ്, സ്വപ്ന സുരേഷ് എന്നിവര്‍ക്ക് പുറമെ ക്രൈം നന്ദകുമാറിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസില്‍ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്റെ തീരുമാനം.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ പി സി ജോര്‍ജിനെയും സ്വപ്ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കാനാണ് പ്രത്യേകാന്വേഷണ സംഘം ആലോചിക്കുന്നത്.

തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. സ്വപ്നയുടേയും പി സി ജോര്‍ജിന്റേയും ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും

Exit mobile version