Saturday, November 23, 2024
HomeNewsമുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അന്‍വറിനെ നേരിടാന്‍ സിപിഎം; പാര്‍ട്ടി തീരുമാനം ഇന്നറിയാം

മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അന്‍വറിനെ നേരിടാന്‍ സിപിഎം; പാര്‍ട്ടി തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടര്‍ന്ന പി വി അന്‍വറിനെ നേരിടാന്‍ സിപിഎം. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അന്‍വറിന്റെ ശ്രമം.ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അന്‍വറിനെ പൂര്‍ണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍. പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അന്‍വര്‍ മാറിയെന്ന് പി ജയരാജന്‍ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അന്‍വര്‍ മാറിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്ന് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. അന്‍വര്‍ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീര്‍ണ്ണിച്ച ജല്‍പ്പനങ്ങള്‍ അപ്പാടെ ശര്‍ദ്ദിക്കുകയാണെന്നുമായിരുന്നു ഡിവൈഎഫ്‌ഐ പ്രതികരിച്ചത്.മുഖ്യമന്ത്രിയുടെയും സിപിഎം സൈബര്‍ പോരാളികളുടെയും സ്വന്തം പിവി അന്‍വര്‍ ആണിപ്പോള്‍ കുരിശുയുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. അന്‍വര്‍ തീയായപ്പോള്‍ കൂടുതല്‍ പൊള്ളലേറ്റത് പിണറായിക്കും എം വി ഗോവിന്ദനും മുഹമ്മദ് റിയാസിനുമാണ്. ആഞ്ഞടി തുടങ്ങിയിട്ട് ആഴ്ചകളെറെയായെങ്കിലും ആരാണ് നിലമ്പൂര്‍ എംഎല്‍എയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് വ്യക്തമായിരുന്നില്ല. ഒടുവില്‍ പാര്‍ട്ടിയെ ഞെട്ടിച്ച അന്‍വര്‍ പോര്‍മുഖം തുറന്നത് സാക്ഷാല്‍ പിണറായിക്ക് നേരെയാണ്. എട്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രി നേരിടുന്ന അസാധാരണ വെല്ലുവിളിയാണ് പി വി അന്‍വര്‍ തുടുത്തത്. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ വാളോങ്ങാന്‍ പരിമതിയുണ്ട്. പക്ഷെ ഇനി ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി ശത്രൂവായി അന്‍വര്‍ സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് നേതാക്കള്‍ പറയുന്നു. താഴെതട്ടുമുതല്‍ അന്‍വറിനെതിരെ കടന്നാക്രമണം ഉറപ്പാണ്.എല്‍ഡിഎഫ് ബന്ധം അന്‍വര്‍ സ്വയം ഉപേക്ഷിച്ചെങ്കിലും പൊട്ടിച്ച ബോംബ് പാര്‍ട്ടിക്കുള്ളില്‍ ഇനിയും ആളിപ്പടരും. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച അന്‍വറിനെ അകറ്റുമ്പോഴും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലെ പലനേതാക്കള്‍ക്കും നേരത്തെയുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാറിലും പിണറായിയുടെ അപ്രമാദിത്വം, റിയാസിന് കിട്ടുന്ന അമിതപ്രാധാന്യം, കോടിയേരിക്ക് കിട്ടാതെ പോയ അര്‍ഹിച്ച വിടവാങ്ങല്‍- ഇവയെല്ലാം സമ്മേളനകാലത്ത് ചര്‍ച്ചയാകും. അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരുണ്ടെന്ന് നേതൃത്വത്തിന് അറിയാം. അന്‍വറിനെതിരെ കടുപ്പിച്ചാല്‍ അവരെയും നിലക്ക് നിര്‍ത്താമെന്നാണ് പ്രതീക്ഷ. പക്ഷെ എംഎല്‍എ സ്ഥാനം വിടാതെ പാര്‍ട്ടിക്കെതിരെ കടന്നലാകാന്‍ അന്‍വര്‍ ഉറപ്പിക്കുമ്പോള്‍ എളുപ്പമല്ല സിപിഎമ്മിന് കാര്യങ്ങള്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments