Pravasimalayaly

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദില്ലി: സംസ്ഥാനത്തിന്റെ ജലപാതകളുടെ വികസനത്തിന് കേന്ദ്രസഹായവും സഹകരണവും ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി (സ്വതന്ത്ര ചുമതല) മന്‍സുക്ക് എല്‍ മാണ്ഡവ്യയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമായും കേരളത്തിന്റെ ജലപാതകളുടെ വികസനമാണ് ചര്‍ച്ച ചെയ്തത്. സംസ്ഥാനത്തിന്റെ വെസ്റ്റ്-കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ കോവളം – കൊല്ലം, കോട്ടപ്പുറം ബേക്കല്‍ തീരദേശ ജലപാത ഇപ്പോഴുള്ള 365 കി.മിയില്‍ നിന്ന് 696 കി.മിയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 590കിമി ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ഭാഗം ദേശീയജലപാതയുടെ ഭാഗമാണ്. ദേശീയജലപാത 3 ന്റെ വികസനം പൂര്‍ണമായ രീതിയില്‍ സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നതിന് കോഴിക്കോടിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലത്തിന് തെക്കുള്ള പ്രദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാല്‍ നിര്‍മ്മാണ പ്രോജക്ടിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതിയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. 6000 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. ദേശീയ ജലപാത വികസനം മൂന്നാം ഘട്ടത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഇത് വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ ജലപാതകളുടെ വികസനം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച പദ്ധതിയായിനാല്‍ ഈ ആവശ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കേരള വാട്ടര്‍വേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ജലപാത-ജലഗതാഗത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ രൂപം നല്‍കിയ കേരള വാട്ടര്‍വേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ 49 ശതമാനം ഇക്വിറ്റി കേന്ദ്ര സര്‍ക്കാര്‍ എടുക്കണമെന്നതാണ് മറ്റൊരു ആവശ്യം. 26 ശതമാനം കേരള സര്‍ക്കാരും 25 ശതമാനം കൊച്ചിന്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയും വഹിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തു നല്‍കിയിട്ടുള്ളതാണ്. ഈ വിഷയത്തില്‍ അനുകൂല നടപടിയുണ്ടാകുന്നതിന് ഇടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കൊച്ചി സംയോജിത ജലഗതാഗത വികസനം- നഗര പുനരുജ്ജീവനം കൊച്ചിയില്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കനാലുകളുടെ വികസനത്തിന് 1300 കോടിയുടെ പ്രോജക്ട് നടപ്പാക്കുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ കനാലുകളുടെ സംയോജിത വികസനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ വാട്ടര്‍ മെട്രോ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള കൊച്ചി മെട്രോ മുന്‍കൈ എടുത്തിട്ടുണ്ട്. കൊച്ചി സംയോജിത ജലഗതാഗത വികസനം- നഗര പുനരുജ്ജീവനം എന്ന ഈ പ്രോജക്ടിനും കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കോസ്റ്റല്‍ ഷിപ്പിംഗ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ കോസ്റ്റല്‍ ഷിപ്പിംഗ് നടപ്പാക്കുക എന്ന പദ്ധതിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. പ്രൈവറ്റ് ഏജന്‍സികള്‍ ഷിപ്പ് ഗതാഗതത്തിന് സമ്മതം അറിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു. കൊച്ചി-മാല്‍ഡിവ്സ് ക്രൂസ്, ചെറുകനാല്‍ പ്രോജക്ടുകള്‍ കൊച്ചിയില്‍ നിന്ന് മാല്‍ഡിവ്സിലേയ്ക്ക് ക്രൂസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. മാല്‍ഡിവ്സില്‍ നിന്ന് ധാരാളം പേര്‍ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രാജ്യത്തെത്തുന്നുണ്ട്. ഇത് കേരളത്തിന് ഗുണം ചെയ്യും. പ്രധാനമന്ത്രിയുടെ മാല്‍ഡിവ്സ് സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നതാണ്. ഉള്‍നാടന്‍ ജലഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ നയമാണെന്നും ജലപാതാവികസനത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതില്‍ കേരളത്തിന് വലിയ സാദ്ധ്യതയാണുള്ളത്. ഇത് കേന്ദ്രസര്‍ക്കാരിന് ഉത്തമബോധ്യമുണ്ട്. രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് 14 ശതമാനമാണ്. ലോകശരാശരി ഒമ്പത് ശതമാനമാണ്. ജലഗതാഗതം വികസിപ്പിച്ചെടുത്താല്‍ ലോജിസ്റ്റിക് ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേരളത്തിന്റെ ജലപാത-ജലഗതാഗത പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. മാതൃകാ പ്രോജക്ടായി ഇതിനെ മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. ജലപാതാവികസനം തന്റെ സ്വപ്ന പദ്ധതി കൂടിയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version