Pravasimalayaly

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാന്‍ നീക്കം; നാല് വൈദികര്‍ ഒളിവില്‍; രഹസ്യമൊഴിയിലും ബലാത്സംഗം സ്ഥിരീകരിച്ചു

കോട്ടയം:  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികരടക്കം നാല് വൈദികര്‍ ഒളിവിലാണ്.

അതേസമയം ഓര്‍ത്തഡോക്‌സ് വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. രഹസ്യമൊഴിയിലും ബലാത്സംഗം സ്ഥിരീകരിച്ചു. മജിസ്‌ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലാണ് സ്ഥിരീകരണം. പൊലീസിന് കൊടുത്ത മൊഴി തന്നെ യുവതി ആവര്‍ത്തിച്ചു.

ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ബാലിശമായ ആക്ഷേപങ്ങള്‍ മാത്രമേ വൈദികര്‍ക്കെതിരെയുള്ളുവെന്നും എന്നാല്‍ യുവതിയുടെ മൊഴി ലഭിക്കാതെ
അത് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും കോടതി അറിയിച്ചു. യുവതിയുടെ സത്യപ്രസ്താവന എന്ന നിലയില്‍ മുദ്രപത്രത്തില്‍ ഹാജരാക്കിയത് വിശ്വാസത്തിലെടുക്കാനാവില്ല. മൊഴി തന്നെയാണ് നിയമപരമായി നിലനില്‍ക്കുന്നത്. അതുകൊണ്ട് യുവതിയുടെ വിശദമായ മൊഴി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്.ഐആര്‍ ഇട്ടതിന്റെ മഷി ഒണങ്ങിയിട്ടില്ലെന്നും അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിശദമായ മൊഴിപകര്‍പ്പ് ലഭിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിവെച്ചു.

ഇതിനിടെ വൈദികര്‍ക്കെതിരായ അന്വേഷണത്തിന് എല്ലാ സഹായവും പരിശുദ്ധ കാതോലിക്ക വാഗ്ദാനം ചെയ്‌തെന്ന് ഐജി എസ് ശ്രീജിത്ത് പറഞ്ഞു. അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് കാതോലിക്ക ബാവ പറഞ്ഞതായി ഐജി വെളിപ്പെടുത്തി.

ലൈംഗിക അപവാദക്കേസില്‍ നാല്  വൈദികര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തത്. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്.

നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി  സത്യവാങ്മൂലം നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് നൽകിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് സഭ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കേസില്‍  ഇരയായ യുവതിയുടെയും പരാതിക്കാരന്റെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  വൈദികര്‍ക്കെതിരെ കേസെടുത്തത്. ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് മൊഴിയെടുത്തത്.

Exit mobile version