Pravasimalayaly

‘മുരളിയോടു ചെയ്തത് നീതികേട്; സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല’; ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

കെ മുരളീധരന്‍ സീനിയര്‍ നേതാവാണെന്നു മാത്രമല്ല, പ്രധാന ഭാരവാഹിത്വം വഹിച്ച വ്യക്തി കൂടിയാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണത്തിന്റെ ചുമതല വഹിച്ചയാളാണ്. എല്ലാ മുന്‍ പ്രസിഡന്റുമാരെയും ഒരേപോലെ കാണണമായിരുന്നു. സമയക്കുറവ് ആയിരുന്നെങ്കില്‍ പരിപാടി ഒരു പത്തു മിനിറ്റ് മുന്‍പേ തുടങ്ങാമായിരുന്നല്ലോയെന്നും തരൂര്‍ പറഞ്ഞു.

തനിക്കു പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതില്‍ പരാതിയില്ല. പലരും തന്നോടു ചോദിച്ചു, എപ്പോഴാണ് പ്രസംഗിക്കുന്നതെന്ന്. ഈ വിഷയത്തെക്കുറിച്ചു കുറച്ചൊക്കെ തനിക്കറിയും. അതുകൊണ്ടു പ്രസംഗിക്കാന്‍ തയാറാണ്. ഒരു വര്‍ഷത്തെ പരിപാടിയാണല്ലോ. അതുകൊണ്ട് ഇനിയും അവസരങ്ങളുണ്ടാവും. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ക്ക് അടുത്ത പരിപാടികളില്‍ ആദരവോടെ അവസരം നല്‍കണമെന്ന് തരൂര്‍ പറഞ്ഞു.

പാര്‍ട്ടിയെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ പ്രധാനപ്പെട്ട നേതാക്കളെ അവഗണിക്കാന്‍ സാധിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പാര്‍ട്ടിയില്‍ നിന്നു അകന്നു നില്‍ക്കുന്നതില്‍ അഭിപ്രായം പറയാനില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവണമെന്ന പൊതു അഭിപ്രായമാണ് തനിക്കുള്ളതെന്ന് തരൂര്‍ വ്യക്തമാക്കി. 

Exit mobile version