Pravasimalayaly

മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും; ബി സന്ധ്യക്കും ആർ ആനന്ദകൃഷ്ണനും പ്രത്യേക യാത്രയയപ്പ്

കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്. ബി.സന്ധ്യ, ആർ.ആനന്ദകൃഷ്ണൻ എന്നിവർക്ക് ഇന്ന് പ്രത്യേക യാത്രയയപ്പ് നൽകും. ഇന്നലെ 9 എസ്പിമാർക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകിയിരുന്നു.

മൂന്ന് ഡിജിപിമാരും ഒൻപത് എസ്പിമാരുമുൾപ്പടെ വലിയൊരു ഉദ്യോഗസ്ഥ സംഘമാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇതോടെ പ്രധാന വകുപ്പുകളുടെ നേതൃസ്ഥാനത്തും ജില്ലാ പൊലീസ് മേധാവിമാരിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യയും, എക്സൈസ് കമ്മിഷണർ ആർ ആനന്ദകൃഷ്ണനും പദവി ഒഴിയുന്നതോടെ ഈ പ്രധാനസ്ഥാനങ്ങളിലേക്ക് പുതിയ ഉദ്യോഗസ്ഥരെത്തും.

എസ്പിജി ഡയറക്ടറായ കേരള കേഡർ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹയാണ് വിരമിക്കുന്ന മറ്റൊരു ഡിജിപി. ഇവർ ഒഴിയുന്നതോടെ എഡിജിപാമാരായ കെ.പത്മകുമാർ, നിതിൻ അഗർവാൾ, ക്രൈംബ്രാഞ്ചിൻറെ ചുമതലയുള്ള ഷെയ്ഖ് ദർബേഷ് സാഹിബ് എന്നിവർ ഡിജിപി റാങ്കിലേക്ക് ഉയരും. ഇവർ വഹിച്ച സ്ഥാനങ്ങളിലും ഒഴിവ് വരും. എസ്പിമാരുടെ വിരമിക്കലോടെ ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ളവരും മാറും.

ജൂണിലാണ് പൊലീസ് മേധാവി അനിൽകാന്ത് വിരമിക്കുന്നത്. സംസ്ഥാന സ‍ർക്കാർ തയ്യാറാക്കിയ പട്ടികയിലെ ആദ്യ പേരുകാരായ നിധിൻ അഗർവാള്‍, കെ.പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യത. ഈ മാറ്റം കൂടി പരിഗണിച്ചായിരിക്കും പൊലീസിലെ അഴിച്ചുപണി.

Exit mobile version