മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ച അന്തേവാസികളുടെ സ്രവങ്ങളിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും ക്ലെബ്‌സിയെല്ല, സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരീയകളുടെ സാന്നിധ്യം കണ്ടെത്തിയത്. അജ്ഞാത രോഗം ബാധിച്ച് രണ്ടാഴ്ചക്കിടെ വയോജന കേന്ദ്രത്തിലെ അഞ്ചു അന്തേവാസികളായിരുന്നു മരിച്ചത്.
അതേസമയം, വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റും. ബലക്ഷയം കാരണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ലഭിക്കാത്ത കെട്ടിടത്തിൽ അന്തേവാസികളെ പാർപ്പിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് അന്തേവാസികളെ മാറ്റി പാർപ്പിക്കാൻ മൂവാറ്റുപുഴ നഗരസഭ തീരുമാനിച്ചത്. ഇതുകൂടാതെ കെട്ടിടം നവീകരിക്കാൻ എട്ട് ലക്ഷം രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയാക്കിയ ശേഷം അന്തേവാസികളെ തിരികെയെത്തിക്കും.