ലോകം റഷ്യയിലേയ്ക്ക് ഉറ്റുനോക്കിയ ദിനമായിരുന്നു ഇന്നലെ. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ സഫലമാകുകയാണ്. ഇന്നലെ റഷ്യന്‍ മണ്ണില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനമായിരുന്നു. ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നൈജീരിയയെ തറപറ്റിച്ച് നീലപ്പട പ്രീ ക്വാര്‍ട്ടറിലേയ്ക്ക്. ഏവരും ഉറ്റുനോക്കിയ നിമിഷം.
ആദ്യ റൗണ്ട് കാണാതെ പടിയിറങ്ങുമെന്ന് കരുതിയ അര്‍ജന്റീന ശക്തമായി തന്നെയാണ് തിരിച്ചു വന്നത്. നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ഫ്രാന്‍സിനും ഡെന്‍മാര്‍ക്കിനും പിന്നാലെ, ക്രൊയേഷ്യയും അര്‍ജന്റീനയും നോക്കൗട്ടിലേക്കു കടന്നിരിക്കുന്നു. ഗ്രൗണ്ചിനേക്കാള്‍ ആവേശം കൊള്ളിച്ച നിമിഷങ്ങളാണ് ഗ്യാലറിയില്‍ നടന്നത്. ഗ്രൗണ്ടില്‍ മെസ്സി തിളങ്ങി നില്‍ക്കുമ്പോള്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം മറഡോണ ഗ്യാലറിയില്‍ നിറഞ്ഞാടുകയായിരുന്നു.
ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു മറഡോണയുടെ ആവേശത്തിലേറിയുള്ള പ്രകടനം. ഫിഫയുടെ ഓഫീഷ്യല്‍ സ്റ്റാഫിനൊപ്പം നൃത്തച്ചുവടുകള്‍ വച്ച് ഗ്യാലറിയെ ഇളകിമറിക്കുകയായിരുന്നു താരം. മെസ്സി ഗോള്‍ നേടിയപ്പോള്‍ നെഞ്ചില്‍ കൈവച്ച് ആകാശത്തേയ്ക്ക് നോക്കി പ്രാര്‍ഥനയോടെ നിന്നു. പിന്നീട് ആദ്യ പെനാല്‍റ്റിയിലൂടെ മോസസ് മത്സരം സമനിലയിലാക്കിയപ്പോള്‍ വീണ്ടും ആവേശത്തിലായിരുന്നു മറഡോണ.
എണ്‍പത്തിയാറാം മിനിറ്റില്‍ മാര്‍ക്കസ് റോഹോയുടെ വിജയഗോള്‍ പിറന്നതോടെ മറഡോണയുടെ സകല നിയന്ത്രണവും വിട്ടു. നടുവിരല്‍ ഉയര്‍ത്തിയുള്ള ആഘോഷപ്രകടനത്തിനു പിന്നാലെ മറഡോണ കുഴഞ്ഞുവീണു. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് കഴഞ്ഞുവീഴാന്‍ കാരണമെന്ന് ചോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട്.