Pravasimalayaly

മേരിക്കുട്ടിയില്‍ നിന്നും ഞാന്‍ മോചിതനായിട്ടില്ല; മലയാളികളുടെ മനസ്സിലെ ക്ലീഷേകളെ നിഷ്‌ക്കരുണം രഞ്ജിത്ത് തച്ചുടച്ചു: ശ്രീകുമാര്‍ മേനോന്‍

കൊച്ചി: ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ‘ഞാന്‍ മേരിക്കുട്ടി’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധിപ്പേര്‍ സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഒടിയന്റെ സംവിധായകനും ചേര്‍ന്നിരിക്കുകയാണ്. മേരിക്കുട്ടിയില്‍ നിന്നും താന്‍ മോചിതനായിട്ടില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. സിനിമയിലെവിടേയും തനിക്ക് ജയസൂര്യയെ കാണാന്‍ കഴിഞ്ഞില്ലെന്നും മേരിക്കുട്ടിയായി താരം ഓരോ സീനിലും നിറഞ്ഞാടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ മനസ്സിലെ ക്ലീഷേകളെ നിഷ്‌ക്കരുണം തച്ചുടക്കുകയാണ് രഞ്ജിത്ത് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ജയസൂര്യ,

മേരിക്കുട്ടിയില്‍ നിന്നും ഞാന്‍ മോചിതനായിട്ടില്ല. സിനിമയിലെവിടേയും എനിക്ക് നിങ്ങളെ കാണാന്‍ കഴിഞ്ഞില്ല. മേരിക്കുട്ടിയായി നിങ്ങള്‍ നിറഞ്ഞാടിയിരിക്കുകയാണ് ഓരോ സീനിലും. നില്‍പ്പിലും നടപ്പിലുമുള്ള നിങ്ങളുടെ സ്വാഭാവിക അഭിനയം, സ്‌ത്രൈണ ഭാവങ്ങള്‍, ഡയലോഗുകള്‍ എല്ലാം ഒന്നിനൊന്ന് വിസ്മയിപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു. I have fallen in love with the Marykutty in you!

രഞ്ജിത്ത്, മലയാളികളുടെ മനസ്സിലെ ക്‌ളീഷേകളെ നിഷ്‌ക്കരുണം തച്ചുടക്കുകയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. LGBT സമൂഹത്തിന് നമ്മള്‍ ഓരോരുത്തരും നല്‍കേണ്ട കരുതലിനേയും സ്‌നേഹത്തിനേയും, അവരുടെ കരുത്തിനേയും കഴിവിനേയും കുറിച്ച് നിങ്ങള്‍ ഞങ്ങളെ തീര്‍ത്തും ബോധവാന്മാരാക്കിയിരിക്കുകയാണ്. നന്ദി, ഈ ചിത്രത്തിന്. കണ്ട് മറക്കുന്ന ഒരു സിനിമയ്ക്കുമപ്പുറം ഒരു അനുഭവം സമ്മാനിച്ചതിന്…

Exit mobile version