Pravasimalayaly

‘മൈക്ക് സെറ്റിന് തകരാറില്ല’; വിവാദ മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ്

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മൈക്ക് ഓപ്പറേറ്ററില്‍ നിന്നും ആംപ്ലിഫയറും മൈക്കും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് സാങ്കേതിക പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ആള്‍ത്തിരക്കിനിടയില്‍ വയര്‍ വലിഞ്ഞതാകാം തകരാറിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ നിയമ നടപടികള്‍ക്ക് സാധ്യതകളില്ലെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് അവസാനിപ്പിക്കാന്‍ തയ്യാറായത്. തുടര്‍നടപടി പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിരുന്നില്ല.

Exit mobile version