യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്

0
29

ന്യൂഡല്‍ഹി:യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുവാദവുമുണ്ട്. കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നതാണു ജനങ്ങളാഗ്രഹിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൂടുതല്‍ ശക്തിപ്പെടണം. ഈ താല്‍പര്യങ്ങള്‍ പരിഗണിച്ചാണു കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണെന്നും എന്നാല്‍ തീരുമാനത്തിനു പിന്നില്‍ ആരുടേയും സമ്മര്‍ദമില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രത്യേക കേസായാണു കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന് ഇന്നു കിട്ടേണ്ടതു നാലു കൊല്ലം കഴിഞ്ഞുകിട്ടും എന്ന കാര്യം മാത്രമേയുള്ളൂ. പഴയ പോലെ സൗഹാര്‍ദപരമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തീരുമാനത്തില്‍ കോണ്‍ഗ്രസിനു നന്ദിയുണ്ടെന്നും എതിര്‍പ്പിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി വ്യക്തമാക്കി. നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു.. മുസ്‌ലിം ലീഗ് കേരള കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നതോടെയാണ് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറായത്. രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്‌തെന്ന് ജോസ് കെ.മാണി ഡല്‍ഹിയില്‍ പറഞ്ഞു

Leave a Reply