മരിച്ച യുവതികളുടെ മൃതദേഹം പരസ്പരം മാറി ബന്ധുക്കള്‍ക്കു നല്കി .
ന്യൂഡല്‍ഹി
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ട്രോമ കെയര്‍ സെന്ററില്‍ കോവിഡ് ബാധിച്ചു മരിച്ച യുവതികളുടെ മൃതദേഹം പരസ്പരം മാറി ബന്ധുക്കള്‍ക്കു നല്കി .എയിംസ് ട്രോമ കെയര്‍ അധികൃതരുടെ അശ്രദ്ധ കാരണം മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയുടെ മൃതദേഹം ഹിന്ദു കുടുംബത്തിന് അവരുടെ മകളുടേതാണെന്ന പേരില്‍ നല്‍കുകയും അവര്‍ അതു ദഹിപ്പിക്കുകയും ചെയ്തു . മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയുടെ ബന്ധുക്കള്‍ക്കു ലഭിച്ച മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ, മക്കള്‍ പെട്ടി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം മനസ്സിലാക്കിയത് . ചൊവ്വാഴ്ച രാവിലെയാണു മുസ്ലിം യുവതി മരിച്ചതായി ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ നിന്ന് അറിയിപ്പു ലഭിക്കുന്നത് . കബറടക്കുന്നതിന് മുന്‍പായി അമ്മയുടെ മുഖം കാണണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു . എന്നാല്‍, ഡല്‍ഹി ഗേറ്റിലെ ശ്മശാനത്തിലെ അധികൃതര്‍ക്ക് 500 രൂപ നല്കിയാല് മാത്രമേ മുഖം കാണിക്കൂ എന്നാണ് ബന്ധുക്കളോട് പറഞ്ഞത് . ഒടുവില്‍ 500 രൂപ നല്കി. മൃതദേഹം മൂടിപ്പൊതിഞ്ഞ പ്ലാസ്റ്റിക് അഴിച്ചു മാറ്റിയപ്പോഴാണ് മൃതദേഹം മാറി എന്ന് മനസ്സിലാക്കിയത് .
എയിംസിലെ ട്രോമ സെന്ററിലെത്തിയപ്പോള്‍ മൃതദേഹം മാറി ലഭിച്ച ഹിന്ദു കുടുംബം അത് അവരുടെ മകളുടേതാണെന്ന് കരുതി അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ദഹിപ്പിച്ചു . പഞ്ചാബി ബാഗ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടന്നത് . എന്നാല്‍, ദഹിപ്പിച്ചത് തങ്ങളുടെ മകളുടെ മൃതദേഹം അല്ലെന്ന് വ്യക്തമായതോടെ അവരും അങ്കലാപ്പിലായി . സംഭവുമായി ബന്ധപ്പെട്ട് മോര്‍ച്ചറി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു . ഒരാളെ പുറത്താക്കിയതായും എയിംസ് ട്രോമ കെയര്‍ അധികൃതര്‍ അറിയിച്ചു .