കരുത്തരായ റയല്‍ മാഡ്രിഡിനെതിരേ രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ഇറ്റാലിയന്‍ ക്‌ളബ്ബ് യുവന്റസിനെ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റഫറി തോല്‍പ്പിച്ചു. കളിയുടെ അവസാന നിമിഷം പെനാല്‍റ്റി നല്‍കി സ്പാനിഷ് വമ്പന്മാരെ റഫറി സെമിയില്‍ കടത്തി. ആദ്യ പാദത്തില്‍ 3-0 ന് ജയിച്ച റയല്‍ രണ്ടാം പാദത്തില്‍ 3-1 ന് തോറ്റെങ്കിലും 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ സെമിയില്‍ എത്തി. സ്പാനിഷ് ക്‌ളബ്ബ് സെവിയ്യയുമായി സമനിലയില്‍ കുരുങ്ങിയെങ്കിലും ആദ്യ പാദത്തിലെ മികച്ച വിജയം ജര്‍മ്മന്‍ ക്‌ളബ്ബ് ബയേണ്‍ മ്യൂണിക്കിനെയും നയിച്ചു.
അവസാന മിനിറ്റ് വരെ 3-0 ന് മുന്നില്‍ നിന്ന് അഗ്രിഗേറ്റ് സ്‌കോര്‍ 3-3 ല്‍ നില്‍ക്കുമ്പോഴാണ് കളിയുടെ അവസാന ഇഞ്ചുറി ടൈമില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. റയല്‍ താരം ലൂക്കാസ് വസ്‌ക്കെസിനെ മെധി ബെനാഷ്യ തള്ളി. റഫറി ഒട്ടും മടിച്ചില്ല പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ഒറ്റ നിമിഷം മനോനില തെറ്റിപ്പോയ ഗോള്‍കീപ്പറും നായകനുമായ ബഫണ്‍ പ്രതിഷേധിച്ചതോടെ അദ്ദേഹത്തിന് നേരെ ചുവപ്പുകാര്‍ഡ് വീശി. പെനാല്‍റ്റി എടുക്കാനെത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോ അവസരം പാഴാക്കിയില്ല. തൊട്ടു പിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങി. ഫലം കളിയില്‍ ജയിച്ച യുവന്റസ് പുറത്ത്.
മരിയോ മാന്‍സുകിച്ചിന്റെ ഇരട്ടഗോളായിരുന്നു യുവന്റസിന്റെ ശക്തി. രണ്ടാം മിനിറ്റിലും 37 ാം മിനിറ്റിലും മരിയോ സ്‌കോര്‍ ചെയ്തു. പിന്നാലെ 60 ാം മിനിറ്റില്‍ ബ്‌ളെയിസ് മാറ്റൗഡിയും സ്‌കോര്‍ ചെയ്തതോടെ അവേ ഗോളിന്റെ ആനുകൂല്യത്തില്‍ കഴിഞ്ഞ ദിവസത്തെ ബാഴ്‌സിലോണയുടെ അനുഭവം റയലിനുണ്ടാകും എന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ അവസാന നിമിഷം ഫുട്‌ബോളിലെ അസാധരണത്വം തന്നെ വീണ്ടും വിജയം കണ്ടു.
ജര്‍മ്മന്‍ വമ്പന്മാരായ ബയേണിനെ സ്പാനിഷ് ക്‌ളബ്ബ് സെവിയ്യയ്ക്ക് സമനിലയില്‍ കുരുക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ മറ്റൊന്നും നടക്കാത്ത മത്സരത്തില്‍ ആദ്യ പാദ വിജയത്തിന്റെ പിന്‍ബലത്തില്‍ ബയേണ്‍ മ്യൂണിക്ക് സെമിയിലെത്തി. ആദ്യപാദ 2-1 ജയം അവര്‍ക്ക് തുണയായി. ഇതാദ്യമായിട്ടാണ് ചാംപ്യന്‍സ് ലീഗിലെ 22 ഹോം മാച്ചുകളില്‍ സ്‌കോര്‍ ചെയ്യാതെ ഒരു മത്സരം അവസാനിക്കുന്നത്. അവസാന മിനിറ്റില്‍ സെവിയ്യയുടെ കോറിയ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകുകയും ചെയ്തു. ഇതോടെ റയല്‍ 13 ാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തുന്നത്. ബയേണ്‍ 11 ാം തവണയും.