Pravasimalayaly

യൂണിവേഴസിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് അധ്യാപകരുടെ പിന്തുണ; വെളിപ്പെടുത്തലുമായി മുന്‍ പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ആക്രമണങ്ങള്‍ നടത്തുന്നില്‍ ഏറ്റവുമധികം പിന്തുണ നല്കുന്നത് കോളജിലെ അധ്യാപകര്‍ തന്നെയാണെന്നു മുന് പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്ഐ നേതാക്കളുടെ എന്തു കൊള്ളരുതായ്മകള്‍ക്കും ഇടത് അധ്യാപക സംഘടനയിലെ അധ്യാപകരാണു പിന്തുണ നല്കുന്നതെന്നു കോളജിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. മോളി സി. മേഴ്സിലിന്‍. ഇപ്പോഴത്തെ കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എസ്എഫ്ഐ നേതാക്കള്‍ അയാളെ കുപ്രസിദ്ധമായ ഇടിമുറിയില്‍ വച്ച് മര്‍ദിച്ചിരുന്നു. അന്ന് പ്രിന്‍സിപ്പലായിരുന്ന താന്‍ ഇടപെട്ടാണ് ആ വിദ്യാര്‍ഥിയെ രക്ഷിച്ചതെന്നും ഡോ. മോളി വെളിപ്പെടുത്തി. കോളജ് മോശമായിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാര്‍ ചില അധ്യാപകരാണ്. ഇടതു സംഘടനാ നേതാക്കളായ ഈ അധ്യാപകരാണ് എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നത്. കോപ്പിയടി ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ നടത്താന്‍ ഈ അധ്യാപകരാണ് വിദ്യാര്‍ഥി നേതാക്കളെ സഹായിക്കുന്നത്. എല്ലാക്കാലത്തും ഇത് തന്നെയാണ് സ്ഥിതി. അധ്യാപകര്‍ അവരുടെ ജോലി കൃത്യമായി ചെയ്താല്‍ ഒരു കോളജും ഇത്രയ്ക്ക് മോശമാകില്ല. ക്ലാസില്‍ കയറാത്ത വിദ്യാര്‍ഥി നേതാക്കള്‍ക്ക് ഹാജര്‍ നല്‍കുക. ഹാജരില്ലാതെ പരീക്ഷ എഴുതാനാകില്ല. എന്നാല്‍ ഇവര്‍ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യും. ക്ലാസില്‍ കയറാത്തവര്‍ എങ്ങനെയാണ് പരീക്ഷ ജയിക്കുക. കോപ്പിയടിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. താന്‍ യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചയാളാണ്. അതുകൊണ്ട് അവിടുത്തെ കാര്യങ്ങളൊക്കെ വിദ്യാര്‍ഥി കാലം മുതല്‍ അറിയാം. അതിനാല്‍ 2013-2014 ല്‍ പ്രിന്‍സിപ്പലായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങളെ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുറത്തു നിന്നു വരുന്ന അധ്യാപകരുടെ സ്ഥിതി ഇതല്ല. അവര്‍ക്ക് അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയില്ല. അപ്പോള്‍ അവര്‍ പ്രിന്‍സിപ്പല്‍ കസേരയില്‍ വെറുതെ ഇരിക്കുക മാത്രമാണ് ചെയ്യുക, കാര്യങ്ങള്‍ നടത്തുന്നത് ഇടത് അധ്യാപക സംഘടനാ നേതാക്കളുമായിരിക്കും. രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയം കളിക്കും. അതിനനുസരിച്ച് അധ്യാപകര്‍ പ്രവര്‍ത്തിക്കാന്‍ നിന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി എന്താകും. അധ്യാപകര്‍ നന്നായാലേ വിദ്യാര്‍ഥികളും കോളജും നന്നാവുകയുള്ളൂവെന്നും ഡോ. മോളി മേഴ്സിലിന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version