Monday, November 25, 2024
HomeNewsKeralaയൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: കുത്തിയവനും കത്തികൊടുത്തവനും പോലീസിന് കീഴടങ്ങി

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: കുത്തിയവനും കത്തികൊടുത്തവനും പോലീസിന് കീഴടങ്ങി

കീഴടങ്ങിയത് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ

പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്

ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകള്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠിയെ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്ാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതിയും യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത്, രണ്ടാം പ്രതി എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നസീം എന്നിവരാണ് ഇന്നു പോലീസിനു മുന്നില്‍ കീഴടങ്ങിയത്. ഇവരെ കേശവദാസപുരത്തു നിന്നും അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ ഉന്നത നേതാക്കളുടെ സഹായത്തോടെയുള്ള കീഴടങ്ങല്‍ നാടകം മാത്രമായിരുന്നു ഇതെന്നാണ് സൂചന. ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ നാല് എസ്എഫ്ഐ നേതാക്കള്‍ പിടിയിലായിരുന്നു. എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരും എസ്എഫ്ഐ പ്രവര്‍ത്തകനായ ഇജാബുമാണ് പോലീസിന്റെ പിടിയിലായത്. നേമം സ്വദേശിയായ ഇജാബിനെ ഇന്നലെ രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമല്‍, ആദില്‍ എന്നിവര്‍ ആറും ഏഴും പ്രതികളാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയില്‍ ഇജാബിന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേമം സ്വദേശിയായ ഇജാബിനെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇജാബിനെ റിമാന്‍ഡ് ചെയ്തു. ഇജാബിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ പിടിയിലായ മറ്റു മൂന്നു പേരുള്‍പ്പെടെ എട്ടു പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരത്തോടെ ഇവര്‍ പോലീസിന്റെ പിടിയിലായത്. ആരോമല്‍, അദ്വൈത്, ആദില്‍ എന്നവരെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സമ്മര്‍ദത്തിലായ സിപിഎം നേതൃത്വത്തിന്റെ ഉപദേശമനുസരിച്ച് ഇവര്‍ കീഴടങ്ങുകയായിരുന്നു എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് ഇന്നലെ രാവിലെ മുതല്‍ പോലീസ് അതിവേഗ നടപടികള്‍ ആരംഭിച്ചത്. അഖിലിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത് എന്നിവരെ കണ്ടെത്തുന്നതിനായാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാലാം പ്രതി അമറിന്റെ പേരും പോലീസിന്റെ ആദ്യത്തെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇയാളും അക്രമി സംഘത്തില്‍ ഉണ്ടായിരുന്നന്നൊണ് പോലീസ് പറയുന്നത്. ലുക്കൗട്ട് നോട്ടീസിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെ പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പോലീസ് പിടിച്ചെടുത്തു. റെയ്ഡ് വിവരം അറിഞ്ഞ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ കമ്പിപ്പാരയും വടിയും കൊണ്ട് ആക്രമിക്കാനാണ് ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ശ്രമിച്ചത്. ഇതോടെ സ്ഥലത്ത് അല്‍പനേരം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. കോടതിയുടെ അനുമതിയോടെയാണ് പോലീസ് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments