Pravasimalayaly

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കുത്തിയതും എസ്എഫ്‌ഐക്കാര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി വീഴ്ത്തി. ക്രൂരമായ മര്ഡദനവും കത്തിക്കുത്തും നടത്തിയതും എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. എം.ജി റോഡ് ഉപരോധിച്ചു. സംസ്ഥാനത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത നാടകീയ രംഗങ്ങളാണ് യൂണിവേഴ്‌സിറ്റി കോളജില്‍ നടക്കുന്നത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനാണ് കുത്തേറ്റത്. ഗുരുതമായി കുത്തേറ്റ അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആവന്തരീക രക്തസ്രാവമുണ്ട്. സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്‌ഐക്കാരാണെന്നും കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അവര്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയതും മര്‍ദ്ദിച്ചതും. മര്‍ദ്ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു

Exit mobile version