യൂത്ത് കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ മുതിര്ന്ന നേതാവ് വി എം സുധീരൻ രംഗത്ത്. പരിഷ്‌കൃത തിരഞ്ഞെടുപ്പിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നാശത്തിൽ എത്തുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു.. പോസ്റ്റിന്റെ പൂർണ്ണരൂപം
പരിഷ്കൃത തെരഞ്ഞെടുപ്പിന്റെ പേരിൽ യൂത്ത് കോൺഗ്രസിനെ നാശത്തിലേക്ക് എത്തിക്കുന്നതു കാണുമ്പോൾ അതിയായി ദുഖിക്കുന്നു.. വോട്ടർമാരായ പ്രവർത്തകർ നേരിട്ട് വോട്ട് രേഖപ്പെടുത്താതെ മൊബൈൽ ഫോൺ വഴിയുള്ള വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് അവസാന ഘട്ടത്തിൽ മാത്രം അറിയുന്ന ദുരവസ്ഥയാണ് വന്നിട്ടുള്ളത്.
ഇതിലൂടെ സാധാരണക്കാരും താഴെതട്ടിൽ പ്രവർത്തിക്കുന്നവരുമായ യഥാർത്ഥ പ്രവർത്തകർക്ക് പ്രസ്ഥാനം അന്യമാകുന്ന ദയനീയ അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
മത്സരരംഗത്ത് ഉള്ളവർക്കും വോട്ടർമാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും തെരഞ്ഞെടുപ്പ് എന്താണെന്നോ എങ്ങനെയാണെന്നോ ഇപ്പോഴും പിടികിട്ടാത്ത അതി വിചിത്രവും അവ്യക്തവുമായ സ്ഥിതിവിശേഷമാണ് വന്നു ഭവിച്ചിട്ടുള്ളത്.
കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. കണ്ണു തുറന്ന് കാണാനും യാഥാർഥ സ്ഥിതി വിലയിരുത്തി യൂത്ത് കോൺഗ്രസിനെ രക്ഷിക്കാനും ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും തയ്യാറാകണം…