യോഗിക്കെതിരെ പാളയത്തില്‍ പട; മുഖ്യമന്ത്രിയുടേത് ഏകപക്ഷീയഭരണമെന്ന് വിമര്‍ശനം; ആര്‍.എസ്.എസ് നേതൃത്വത്തിനും അതൃപ്തി

0
276

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. ഉന്നാവോ കൂട്ടബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി. എം.എല്‍.എ.യ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വൈകിയതും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തെളിച്ച സാഹചര്യത്തിലാണ് ആര്‍എസ്എസ് വിമര്‍ശനം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.

യോഗിയുടെ തീരുമാനങ്ങളില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അതൃപ്തിയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി ഉത്തര്‍പ്രദേശിലെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായി ആര്‍.എസ്.എസ്. പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ ഈ സംഘത്തെ അറിയിച്ചു.

സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വവും യോഗിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്. ഗോരഖ്പൂരിലെ മഠം സ്ഥിതിചെയ്യുന്ന വാര്‍ഡും ലോക്‌സഭാ മണ്ഡലവും നഷ്ടമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്ക് മാത്രമാണെന്നും പ്രവര്‍ത്തന ശൈലി ഏകപക്ഷീയമാണെന്നും ബി.ജെ.പി. ആരോപണം ഉന്നയിക്കുന്നുണ്ട്.

Leave a Reply