Pravasimalayaly

രജനീകാന്തിന്റെ ‘കാല’ റിലീസ് തടയില്ല; സിനിമയ്‌ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രജനീകാന്ത് സിനിമ ‘കാല’യുടെ റിലീസ് തടയില്ലെന്ന് സുപ്രീം കോടതി. സിനിമയ്‌ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിലീസിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

അതേസമയം, കാല സിനിമ കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് തീവ്ര കന്നഡ അനുകൂല സംഘടനകൾ പറയുന്നത്. കാവേരി പ്രശ്‌നത്തിൽ രജനീകാന്ത് കർണാടകയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് സംരക്ഷണം നൽകണമെന്ന് രജനീകാന്ത് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോട് അഭ്യർത്ഥിച്ചിരുന്നു.

സിനിമയുടെ നിർമ്മാതാക്കൾ കർണാടക ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കർണാടകയിൽ സിനിമ റിലീസ് ചെയ്യുന്നതിന് എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്‌തു. കോടതിയുടെ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടായിരത്തോളം തിയേറ്ററുകളിലാണ് രജനീകാന്ത് ചിത്രം കാല നാളെ റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. രജനിയുടെ ലുക്കും ഏറെ ചര്‍ച്ചയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തലൈവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൊളിറ്റിക്കല്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം നിർമ്മിക്കുന്നത് നടനും രജനീകാന്തിന്റെ മരുമകനുമാണ് ധനുഷാണ്. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.

Exit mobile version