Pravasimalayaly

രണ്ട് കോടിയുടെ പാമ്പിന്‍വിഷം കണ്ടെടുത്തു; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍

രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻവീട്ടിൽ ടി.പി. കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണു പിടിയിലായത്.

ബുധനാഴ്‌ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്‌ജിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് ഫ്ളാസ്‌കിൽ ഒളിപ്പിച്ചനിലയിൽ പാമ്പിൻവിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക്‌ വിൽക്കാനായിട്ടാണ് ഇവർ കൊണ്ടോട്ടിയിലെത്തിയത്. ഇവർക്ക് വിഷം എത്തിച്ചുനൽകിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

പിടിയിലായവരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും. ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Exit mobile version