Pravasimalayaly

രണ്ട് ഗോളിന് മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍

 

മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

53ാം മിനിറ്റില്‍ നെയ്മറും 89ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയുടെ സേവുകളില്ലായിരുന്നെങ്കില്‍ ബ്രസീലിന്റെ വിജയം ഇതിലും വലുതായേനെ.

കഴിഞ്ഞ കളിയില്‍ ഉജ്വലമായി കളിച്ച ഫുള്‍ബായ്ക്കുകള്‍ ഫിലിപ്പെ ലൂയിസിനെയും ഫാഗ്‌നറെയും നിലനിര്‍ത്തിയാണു ബ്രസീല്‍ ഇറങ്ങിയത്. മെക്‌സിക്കോ റാഫേല്‍ മാര്‍ക്കേസിനെ ആദ്യ ഇലവനില്‍ ഇറക്കി. ബ്രസീലിന്റെ ആക്രമണ ഫുട്‌ബോളിന് അതേ നാണയത്തില്‍ മെക്‌സിക്കോയും മറുപടി നല്‍കി. വിങ്ങിലൂടെയുള്ള ലൊസാനോയുടെയും വെലയുടെയും ഓട്ടത്തില്‍ ബ്രസീല്‍ പ്രതിരോധം പേടിച്ചു. എന്നാല്‍ പലപ്പോഴും കോര്‍ണര്‍ ഫ്‌ലാഗിനടുത്തു തീര്‍ന്നു ഓട്ടം. ക്രോസുകള്‍ പ്രതിരോധിക്കുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍മാരും മികവു കാട്ടി.

വില്ലിയനും നെയ്മറും കട്ട് ചെയ്തു കയറിയതു പലപ്പോഴും മെക്‌സിക്കന്‍ ഗോള്‍മുഖത്ത് ഭീഷണിയായി. സമാന്തരമായി കുടീഞ്ഞോയും പൗളിഞ്ഞോയും ഓടിക്കയറിയതു ബ്രസീലിന്റെ മുന്നേറ്റത്തിനു മൂര്‍ച്ച കൂട്ടി. വില്ലിയന്റെയും നെയ്മറുടെയും ഡ്രിബ്ലിളിങ്ങിനു മുന്നിലും മെക്‌സിക്കന്‍ ഡിഫന്‍ഡര്‍മാര്‍ വീണു. ഒച്ചോവയുടെ മികവ് രക്ഷയ്‌ക്കെത്തിയില്ലായിരുന്നെങ്കില്‍ ബ്രസീല്‍ ആദ്യപകുതിയില്‍ തന്നെ മുന്നിലെത്തിയേനെ.

ഒച്ചോവയ്ക്കു മുന്നില്‍ നേരിട്ടുള്ള ഷോട്ടുകളും ക്രോസുകളും ഫലിക്കില്ല എന്നു മനസ്സിലായതോടെ ബ്രസീല്‍ അടവു മാറ്റി. ഒറ്റയ്ക്കുള്ള ശ്രമങ്ങള്‍ക്കു പകരം സമാന്തരമായുള്ള രണ്ട് കൂട്ടുനീക്കങ്ങളില്‍ അവര്‍ ഒച്ചോവയെ വീഴ്ത്തി. ഒച്ചോവയ്ക്കു സ്ഥാനം തെറ്റിയപ്പോള്‍ അപ്പുറം പോസ്റ്റ് കാക്കുന്നതിലും ബ്രസീല്‍ താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതിലും മെക്‌സിക്കന്‍ പ്രതിരോധം കാണിച്ച അലസതയ്ക്കുള്ള ശിക്ഷയായി തോല്‍വി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മര്‍ വില്ലിയനു ബാക്ക്ഹീല്‍ പാസ് ചെയ്യുന്നതു മുന്‍കൂട്ടി കാണാനോ വില്ലിയന്റെ ലോ ക്രോസ് എത്തിപ്പിടിക്കാനോ അവര്‍ക്കായില്ല. തനിക്കു കിട്ടിയ ക്രോസ് പോലൊന്ന് നെയ്മര്‍ പകരക്കാരനായിറങ്ങിയ ഫിര്‍മിനോയ്ക്കും നല്‍കിയതോടെ ബ്രസീലിനു സുന്ദര വിജയം.

ടിറ്റെ കോച്ചായി ചുമതലയേറ്റ ശേഷം ബ്രസീല്‍ 25 രാജ്യാന്തര മല്‍സരങ്ങളില്‍ പത്തൊമ്പതിലും ഗോള്‍ വഴങ്ങിയില്ല. ഇന്നലെ മെക്‌സിക്കോയെ 2-0ന് തോല്‍പിച്ചതോടെയാണ് ഈ നേട്ടം.

Exit mobile version