Pravasimalayaly

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണു തീരുമാനം.

ജസ്റ്റിസുമാരായ ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കേസ് ഇന്ന് പരിഗണിച്ചത്. ഈ കേസിൽ ജയിലിൽ കഴിയുന്ന 6 പേരുടെ നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്‌നാട് സർക്കാരും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി കേസിൽ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേർക്കും ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.

പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്നു നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചനം തേടുകയാണെങ്കിൽ, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

1991 മേയ് 21നായിരുന്നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെൺകുട്ടിയായിരുന്നു ചാവേർ. പ്രതികളെ വിട്ടയയ്ക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ശുപാര്‍ശയിൽ ഗവർണർ ഇതുവരെ നടപടിയെടുത്തിരുന്നില്ല. 30 വർഷങ്ങൾക്കുശേഷമാണ് കേസിലെ പ്രതികൾ മോചിതരാകുന്നത്.

Exit mobile version