തിരുവനന്തപുരം: റോഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എഞ്ചിനീയര്‍ യാസീന്‍ മുഹമ്മദാണ് അറസ്റ്റിലായത്. കൃത്യത്തിന് ശേഷം പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും, പ്രതികള്‍ സഞ്ചരിച്ച കാര്‍ കേരളത്തിലെത്തിച്ച ശേഷം ഉപേക്ഷിച്ചതും യാസീനാണെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതലും യാസീന് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ബംഗളൂരുവില്‍ നിന്ന് മുഖ്യപ്രതി അലിഭായ് നേപ്പാള്‍ വഴി ഖത്തറിലെത്തിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ഇന്റര്‍ പോളിന്റെ സഹായം തേടിയിട്ടുണ്ട്.
കൊലപാതകത്തിന്റെയും ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകളും പൊലീസിന് ലഭിച്ചു. ക്വട്ടേഷന്‍ നല്‍കിയ ആളും കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്‌സ് ആപ്പിലൂടെയാണ്. എന്നാല്‍ കൊലയ്ക്ക് ശേഷം ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് സത്താറിന്റെ പങ്ക് സംബന്ധിച്ചും പൊലീസിന് തെളിവ് ലഭിച്ചതായി സൂചനയുണ്ട്.