രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

0
41

തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പോലീസ് കംപ്ലയന്‍സ് അഥോറിറ്റി മുന്‍ ചെയര്‍മാനാണ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും സമാന്തരമായി നടക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സിറ്റിംഗ് ജഡ്ജിയെ ചോദിച്ചാല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിരമിച്ച ജഡ്ജിയെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. പോലീസ് അന്വേഷണത്തില്‍ ശിപാര്‍കള്‍ ഉണ്ടാകില്ല. കുറ്റക്കാര്‍ക്കെതിരേ നടപടി മാത്രമേ സ്വീകരിക്കുകയുള്ളു. ഇടുക്കി എസ്പി കെ.ബി വേണുഗോപാലിനെതിരേ നിവധി പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. രാജ്കുമാറിന്റെ കുടുംബാംഗങ്ങള്‍ തന്നെ കണ്ടപ്പോള്‍ നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. അവര്‍ തനിക്കു നല്‍കിയ നിവേദനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു വ്യക്തമാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ രാജ്കുമാറിനെ ജൂണ്‍ 15നാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. 16നു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ജയിലില്‍ എത്തിക്കുമ്പോള്‍ ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്കും ബുദ്ധിമുട്ടു നേരിട്ടിരുന്നതായി ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സഹതടവുകാരുടെ സഹായം വേണ്ടിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള കുമാിനെ 19, 20 തീയതികളില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി നെടുങ്കണ്ടത്തു തിരിച്ചു കൊണ്ടുവന്നതായൂം റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply