‘രാജ്യം ഭരിക്കാന്‍ സമവായം ആവശ്യം’; എന്‍ഡിഎ യോഗത്തില്‍ മോദി

0
18

ന്യൂഡല്‍ഹി: എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തു.കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണിത്. ഏകകണ്ഠേനെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.യോഗത്തിന് എത്തിച്ചേര്‍ന്ന ഘടകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എം.പിമാരോടും നന്ദി പറയുന്നുവെന്ന് മോദി പറഞ്ഞു. ഇത്രയും വലിയ സംഘത്തെ വരവേല്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. എന്‍.ഡി.എ സഖ്യം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.‘നിങ്ങള്‍ നല്‍കിയ പുതിയ ഉത്തരവാദിത്തത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. 2019-ല്‍ സമാനമായ അവസരത്തിലും ഞാന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്.പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍.ഡി.എ. സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്. ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ജോലിത്തിരക്കിലായിരുന്നു. പിന്നീട് വിളിച്ചവരോട് വോട്ടെണ്ണല്‍ യന്ത്രം ജീവനയോടെയുണ്ടോ എന്നാണ് ചോദിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അവര്‍ തുടര്‍ച്ചയായി ഇ.വി.എമ്മിനെതിരേ സംസാരിച്ചുകൊണ്ടിരുന്നു. ജൂണ്‍ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇ.വി.എമ്മിനെക്കുറിച്ച് കേള്‍ക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു’, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇത് എന്‍.ഡി.എ.യുടെ മഹാവിജയമാണ് ലോകം വിശ്വസിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസം എങ്ങിനെയാണ് കടന്നുപോയതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്‍.ഡി.എ. തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തുന്നതിനായി അവര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍, രാജ്യത്തിലെ ഏറ്റവും ശക്തമായ സഖ്യകക്ഷിസര്‍ക്കാര്‍ ഇതായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply