Pravasimalayaly

‘രാജ്യം വിടാന്‍ സാധ്യത’; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 43 കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജന്‍സി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്.കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശ നാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ഇഡി ബൈജൂസിനെതിരെ നടത്തുന്നത്. ഇഡി നിര്‍ദേശപ്രകാരം നിലവില്‍ ബൈജുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് കൊച്ചിയിലെ ഇഡി ഓഫീസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. അന്വേഷണച്ചുമതല പിന്നീട് ഇഡിയുടെ ബംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു.2011 മുതല്‍ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 28,000 കോടിയാണ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡി നല്‍കുന്ന വിവരങ്ങള്‍. ഇതേ കാലയളവില്‍ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് 9,754 കോടി രൂപ കമ്പനി നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് അയച്ചതില്‍ പരസ്യങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്. 2020 -21 സാമ്പത്തിക വര്‍ഷം മുതല്‍ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകള്‍ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Exit mobile version