Pravasimalayaly

രാജ്യത്ത് വിദേശ സര്‍വകലാശാല ക്യാംപസുകള്‍ വരുന്നു, പ്രവേശന നടപടിയില്‍ സ്വാതന്ത്ര്യം; ക്ലാസുകള്‍ നേരിട്ട് മാത്രം, കരട് ചട്ടം 

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ വഴി തുറന്ന് കരട് ചട്ടം പുറത്തിറക്കി യുജിസി. യുജിസിയുടെ അംഗീകാരം ഇല്ലാതെ ഒരു വിദേശ സര്‍വകലാശാലയ്ക്കും ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ സാധിക്കില്ലെന്നും കരട് ചട്ടത്തില്‍ പറയുന്നു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട് ചട്ടത്തിന്മേല്‍ 18നകം അഭിപ്രായം പറയാം.

പ്രവേശന നടപടികള്‍, ഫീസ്, കോഴ്‌സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിക്കില്ല. നേരിട്ടുള്ള ക്ലാസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. സംവരണം ഉള്‍പ്പെടെ ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ബാധകമാകില്ല. ഫീസ് സ്ഥാപനങ്ങള്‍ക്കു നിശ്ചയിക്കാമെങ്കിലും ഇന്ത്യക്കാര്‍ക്കു താങ്ങാവുന്ന നിരക്കു മാത്രമേ ഈടാക്കാവൂ എന്നു കരടില്‍ പറയുന്നു.

ഈ മാസം അവസാനത്തോടെ അന്തിമ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുമെന്നു യുജിസി വ്യക്തമാക്കി. വിദേശ സ്ഥാപനങ്ങള്‍ക്കു സ്വന്തം നിലയിലോ നിലവില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്നോ ക്യാംപസുകള്‍ തുറക്കാം. രാജ്യാന്തരതലത്തില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കുക. 

ആദ്യഘട്ടത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും അനുമതി. ഒന്‍പതാം വര്‍ഷം ഇതു പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കു ഭംഗം വരുത്തുന്ന കോഴ്‌സുകളോ പാഠഭാഗങ്ങളോ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നു യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു.

സ്ഥാപനങ്ങളുടെ അപേക്ഷ യുജിസിയുടെ വിദഗ്ധ സമിതി പരിശോധിച്ചു 45 ദിവസത്തിനുള്ളില്‍ അനുമതി നല്‍കും. അനുമതി ലഭിച്ചാല്‍ 2 വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാം. ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഉള്‍പ്പെടെ പ്രവേശനം നല്‍കാമെന്നും കരട് ചട്ടത്തില്‍ പറയുന്നു.

Exit mobile version