കോട്ടയം: സംസ്ഥാനത്ത് ഒഴിവുവരുന്ന 3 ലോക്‌സഭാ സീറ്റില്‍ ഉറച്ച ജയസാധ്യതയുള്ള ഒരു സീറ്റ് മത്സരിക്കാന്‍ വേണമെന്ന നിലപാടുമായി ജോസ് കെ മാണി. യുഡിഎഫ് വിട്ടു വന്നപ്പോള്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്നും ശക്തമായി വാദിക്കാനുമാണ് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കും, പക്ഷെ ഇക്കാര്യം പരസ്യമായി ഉന്നയിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റ നിലപാടെന്നും അതിനാല്‍ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാനത്ത് ഇടത് എംപിമാരായ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ സംസ്ഥാന സെക്രട്ടറി), ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. സഭയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് സീറ്റില്‍ ഇടതുമുന്നണിക്കും ഒരു സീറ്റില്‍ യുഡിഎഫിനും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാവും. രാജ്യസഭയിലേക്ക് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാമെന്നാണ് യുഡിഎഫിലെ ധാരണ. അതേസമയം തങ്ങള്‍ക്ക് ജയിക്കാന്‍ സാധ്യതയുള്ള 2 സീറ്റില്‍ ഒന്ന് സിപിഎം മത്സരിക്കും. ജയസാധ്യതയുള്ള രണ്ടാമത്തെ സീറ്റ് പതിവായി സിപിഐയാണ് മത്സരിക്കുന്നത്. ഈ സീറ്റ് തങ്ങളുടേതാണെന്ന് സിപിഐ ആവശ്യപ്പെടും.ജോസ് കെ മാണി യുഡിഎഫിലായിരിക്കെയാണ് രാജ്യസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. പിന്നീട് മുന്നണി മാറിയപ്പോള്‍ ഇദ്ദേഹം രാജിവച്ചെങ്കിലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കാലാവധി അവസാനിക്കുമ്പോള്‍ ജോസ് കെ മാണി ജയിച്ച സീറ്റിനൊപ്പം മറ്റ് 2 സീറ്റുകളില്‍ കൂടി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് യുഡിഎഫിന് ജയസാധ്യത കൈവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ അനുനയിപ്പിക്കാനാണ് രാജ്യസഭാ സീറ്റ് എന്ന ധാരണയുണ്ടാക്കിയത്.