രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ അതിജീവിത ചൂണ്ടിക്കാട്ടി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പല തവണ തുറന്നുപരിശോധിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടിയുടെ അസാധാരണ നീക്കം. കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തുറന്നതായി തെളിവുണ്ടായിട്ടും സുപ്രിംകോടതിയില്‍ നിന്നുപോലും നടപടിയുണ്ടായില്ലെന്നും അതിജീവിത പറഞ്ഞു.