Pravasimalayaly

രാഷ്ട്രീയമില്ല, കരുവന്നൂരിലെ പദയാത്ര പാവപ്പെട്ടവന് വേണ്ടി; സുരേഷ് ഗോപി

കരുവന്നൂരിലെ ഇന്നത്തെ പദയാത്രയിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി.
തന്റെ പദയാത്ര പാവപ്പെട്ടവന് വേണ്ടി, സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടി. അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടിവരും. പാവങ്ങളുടെ പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും.
മണിപ്പൂരം യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാൻ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പ്രജകളുടെ വിഷയത്തിൽ ഇടപെടണം. മണിപ്പൂരിലെ കള്ളത്തരം പുറത്തുവരും,അതിനെതിരെ മുന്നോട്ടുവന്നവർ നാണിച്ച് തലകുനിക്കുന്നത് കേരളം കാണുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ് ​ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്​ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. ബിജെപിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയാത്രയിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. സഹകരണ മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനുമാണ് സുരേഷ്​ഗോപി പദയാത്ര നടത്തുന്നത്.

പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്റെ അടിത്തറ. അഴിമതിക്കെതിരെ പോരാടുന്നതും പാവപ്പെട്ട സഹകാരികളാണ്. അഴിമതി പുറത്തെത്തിച്ചത് മാധ്യമങ്ങളോ രാഷ്ട്രീയ പാർട്ടികളോ അല്ല. കരുവന്നൂരിലെ നിക്ഷേപകരാണ്. അവർ ആദ്യമായി പരാതി കൊടുത്തത് സിപിഐഎമ്മിനാണ്. എന്നാൽ പാർട്ടി അവരെ ചതിച്ചു. അന്വേഷണ ഏജൻസികളെ സമീപിക്കേണ്ടി വന്നപ്പോൾ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു സംസ്ഥാന ഏജൻസികൾ ചെയ്തത്. കരുവന്നൂർ സമരം സുരേഷ്​ ഗോപിക്ക് വഴിയൊരുക്കാനല്ല. പാവപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനാണ്. സുരേഷ്​ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിക്ക് ഇഡിയുടെ സഹായം ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Exit mobile version