രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ പ്രതിയാണ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്. റെയിൽവേ പൊലീസാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. മാർച്ച് 27ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. അടുത്ത മാസം 6 മുതൽ 14 വരെ രാജ്യ വ്യാപക പ്രചാരണം നടത്തും. രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തും. മാപ്പ് പറയാത്ത രാഹുലിന്റെ നിലപാട് ചോദ്യം ചെയ്യുമെന്നുമാണ് വിവരം. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വാദം ഉന്നയിച്ചായിരിക്കും കോൺഗ്രസിനെതിരെ ബിജെപിയുടെ പോരാട്ടം.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കേരളത്തിൽ രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്‍യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസുമായും ആർപിഎഫ് ഉദ്യോദസ്ഥരുമായും പ്രവർത്തകർ ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാറിനും കെ.എം.അഭിജിത്തിനും പരുക്കേറ്റു. പ്രവർത്തകരുടെ കല്ലേറിൽ ആർപിഎഫ് സബ് ഇൻസ്പെക്ടർ സിനോജിനും പരുക്കേറ്റു. രാജ് ഭവനിലേക്ക് കെഎസ്‍യുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
ഇന്നലെയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചത്. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ശിക്ഷിക്കപ്പെട്ട ദിവസമായ മാര്‍ച്ച് 23 മുതല്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും.